ദുബൈയില്‍ പ്രൗഢമായി ഗ്രാൻഡ് മീലാദ് കോൺഫറൻസ്
ദുബൈ: പ്രവാചകാനുരാഗത്തിന്റെ പ്രകീർത്തനങ്ങൾ ഈരടികളായി പെയ്തിറങ്ങിയ സമസ്ത ഗ്രാൻഡ് മീലാദ് കോൺഫറൻസിന് പ്രൗഢ സമാപനം. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ മൗലിദ് സദസിനായിരുന്നു ഇന്നലെ ദുബൈയിലെ അൽ മംസറിലെ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നഗർ (അൽ ഇത്തിഹാദ് സ്കൂൾ) സാക്ഷ്യംവഹിച്ചത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാസ ലോകത്തു ആയിരങ്ങൾ ഒരുമിച്ചു കൂടുന്ന പ്രവാചക പ്രകീർത്തന സദസ് നവ്യാനുഭവമായിരുന്നു. 'പ്രവാചകർ (സ): പ്രകൃതവും പ്രഭാവവും' എന്ന പ്രമേയത്തിൽ യു.എ.ഇ സുന്നി കൗൺസിൽ നേതൃത്വത്തിലായിരുന്നു സമസ്ത ഗ്രാൻഡ് മീലാദ് കോൺഫറൻസ് ഒരുക്കിയത്.
നിരവധി സാദാത്തുക്കളും നൂറുകണക്കിന് പണ്ഡിതൻമാരും പ്രവാചക പ്രകീർത്തന സദസിന് നേതൃത്വം നൽകി. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക വാഹനങ്ങളിലായും അല്ലാതെയും ഒഴുകിയെത്തിയ വിശ്വാസികളെ കൊണ്ട് മൗലിദ് നഗരി നിറഞ്ഞു കവിഞ്ഞു. ബുർദ പാരായണം, ആദർശ പ്രഭാഷണം, മദ്ഹു റസൂൽ പ്രഭാഷണം, ഗ്രാൻഡ് മൗലിദ് തുടങ്ങിയ പരിപാടികൾ ഉൾകൊള്ളുന്നതായിരുന്നു സമസ്ത ഗ്രാൻഡ് മീലാദ് കോൺഫറൻസ്.
ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച പ്രോഗ്രാം രാത്രിയോടെയാണ് സമാപിച്ചത്. യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡന്റ് പൂക്കോയ തങ്ങൾ ബാ അലവിയുടെ അധ്യക്ഷതയിൽ കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ശുഐബ് തങ്ങൾ ആമുഖ പ്രഭാഷണവും അൻവർ മുഹ്‌യുദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണവും നിർവഹിച്ചു. അച്ചൂർ ഫൈസി സ്വാഗതവും ഷൗക്കത്ത് ഹുദവി നന്ദിയും പറഞ്ഞു.
മുബഷിർ തങ്ങൾ, അബ്ദുൽ റഹ്മാൻ തങ്ങൾ, ഹക്കീം തങ്ങൾ, അസ്‌ഗറലി തങ്ങൾ, ശിഹാബുദ്ദീൻ തങ്ങൾ, ഷഹീൻ തങ്ങൾ, ഹാഷിം തങ്ങൾ അസ് അദി, ഫസൽ തങ്ങൾ, യാസീൻ തങ്ങൾ, കെ.എം കുട്ടി ഫൈസി അച്ചൂർ, ഡോ. സാലിം ഫൈസി, അസ്‌ലം ഫൈസി ബംഗളൂരു, ടി.കെ.സി അബ്ദുൽ ഖാദർ ഹാജി, കാദർ ഫൈസി റഷീദ് ബാഖവി എടപ്പാൾ, ഹുസൈൻ ദാരിമി, മുഹമ്മദ് മദനി റസാഖ് ഹാജി മാഞ്ചേരി റഷീദ് ദാരിമി, ജലീൽ ദാരിമി, അബ്ദുള്ള ചെലേരി, അഹ്മദ് സുലൈമാൻ ഹാജി, ഷൌക്കത്ത് മൗലവി, കബീർ ഹുദവി, അബൂബക്കർ കൽബ, ശാക്കിർ ഹുദവി, കബീർ ഹുദവി, ഇബ്രാഹിം എളേറ്റിൽ, ഷിഹാസ് സുൽത്താൻ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
മീലാദ് സംഗമം ഷാർജയിൽ: ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും
ഷാർജ: എസ്.കെ.എസ്.എസ്.എഫ് ചൊവ്വല്ലൂർപടി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സംഗമം ഇന്ന് ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 മണിക്ക് മൗലീദ് പാരായണത്തോടെ ആരംഭിക്കുന്ന സംഗമത്തിന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
കൂടാതെ, യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡന്റ് പൂക്കോയ തങ്ങൾ ബാ അലവി, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനൽ പ്രസിഡന്റ് ശുഹൈബ് തങ്ങൾ, അബൂദബി സുന്നി സെന്റർ സെൻ്റർ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന മീലാദ് സംഗമത്തിൽ ഡോ. സാലിം ഫൈസി കൊളത്തൂർ 'പ്രവാചകൻ (സ): പ്രകൃതവും പ്രഭാവവും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സി.എം.സി 2017 മുതൽ എല്ലാ വർഷവും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി മീലാദ് സംഗമം സംഘടിപ്പിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."