തിരുപ്രഭ ക്വിസ് Day- 4 അല്‍ മാഹീ (സ)
പ്രവാചക നാമങ്ങളില്‍ പ്രധാനമായതാണിത്. മുമ്പ് ഉദ്ധരിക്കപ്പെട്ട ഹദീസില്‍ പരമാര്‍ശിക്കപ്പെട്ടതാണ് ഈ നാമവും. 'മാഹീ' എന്നതിന്റെ വിവക്ഷ തുടച്ചു നീക്കുന്നവന്‍ എന്നാണ്. ഹദീസില്‍ തന്നെ ഇത് വിവരിക്കുന്നുണ്ട്, ''എന്നിലൂടെ അല്ലാഹു അവിശ്വാസം തുടച്ചു നീക്കും'' എന്ന വചനത്തിലൂടെ ഇതിന് പണ്ഡിതന്മാര്‍ വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കിയതായി കാണാം. മക്കയില്‍ നിന്നും മറ്റു അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും അവിശ്വാസം വിപാടനം ചെയ്യുമെന്നാണെന്നും അതല്ല, മറ്റെല്ലാ മതങ്ങളെയും പ്രവാചകന്റെ ദീന്‍ അതിജയിക്കുമെന്ന സൂചനയാകാമിതെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
പ്രവാചകന്‍ കുഫ്‌റ് തുടച്ചു നീക്കുമെന്നതിന്റെ ഉദ്ദേശ്യം, പ്രവാചകന്‍ അതിന്റെ കാരണമാകുമെന്നാണ്. യഥാര്‍ഥത്തില്‍ അതിന്റെ കര്‍ത്താവ് അല്ലാഹുവാണ്. പ്രത്യക്ഷത്തില്‍ അത് നബി തങ്ങളാണെങ്കിലും വിശുദ്ധ ഖുര്‍ആനില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ധാരാളം കാണാന്‍ സാധിക്കും. (നബിയേ) താങ്കള്‍ അവരെ എറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ എറിഞ്ഞത് താങ്കളല്ല പ്രത്യുത അല്ലാഹു ആണ് എറിഞ്ഞത് (അന്‍ഫാല്‍-17). അവിശ്വാസമടക്കം എല്ലാ തിന്മകളെയും വിപാടനം ചെയ്യാനായിരുന്നല്ലോ അവിടുത്തെ നിയോഗം.
ഒരു പക്ഷെ 'മാഹീ' എന്ന പ്രവാചക നാമത്തിന്റെ വിവക്ഷ അല്ലാഹു നബി (സ) തങ്ങളോട് കുഫ്റിനെ പാടെ വിപാടനം ചെയ്യാന്‍ കൽപ്പിച്ചു എന്നുമാകാം. കാരണം, നബിയുടെ പ്രബോധനം ദേശ-കാല വ്യത്യാസമില്ലാതെ സര്‍വര്‍ക്കും സമര്‍പ്പിതമാണല്ലോ. ''സര്‍വ മനുഷ്യര്‍ക്കും ശുഭ വാര്‍ത്താ വാഹകനും താക്കീതുകാരനുമായി മാത്രമേ അങ്ങയെ നാം അയച്ചിട്ടുള്ളൂ'' (അസ്സബഅ്-28),. ''ലോകര്‍ക്ക് സത്യാ-സത്യ വിവേചക ഗ്രന്ഥം അവതരിപ്പിച്ചവന്‍ അനുഗ്രഹ പൂര്‍ണനത്രെ'' (ഫുര്‍ഖാന്‍-1). ഈ ആയത്തിൽ പരാമര്‍ശിക്കപ്പെട്ട 'ആലം' എന്ന പദത്തിനര്‍ഥം അല്ലാഹു ഒഴികെയുള്ള എല്ലാ വസ്തുക്കളുമെന്നാണ്. അപ്പോള്‍ നബി (സ) അഖില ലോകരിലേക്കും അനുഗ്രഹത്തിന്റെ നബിയായി നിയോഗിക്കപ്പെട്ടു എന്ന് സാരം.
ഈ നാമത്തിന്റെ അര്‍ഥ വ്യാപ്തിയിലേക്ക് നാം ഇറങ്ങി ചെല്ലുമ്പോള്‍ പ്രവാചകന്‍ (സ) തുടച്ചു നീക്കിയ വ്യക്തിപരവും കുടുംബപരവും സാമൂഹികവും വിശ്വാസപരവുമായ തിന്മകളെയും അതിന്നായി അവിടുന്ന് സഹിച്ച ത്യാഗങ്ങള്‍, ധര്‍മ സമരങ്ങള്‍, കൈക്കൊണ്ട സഹനവും ക്ഷമയും, പ്രബോധിത സമൂഹത്തില്‍ നിന്നേറ്റു കൊണ്ടിരുന്ന ഉപദ്രവങ്ങള്‍ക്കിടയിലും അനുകമ്പാപൂര്‍വമായ സമീപനങ്ങള്‍, അവിടുത്തെ മുഖത്തു മുറിവുണ്ടായത്,
മുന്‍ പല്ല് പൊട്ടിപ്പോയത് അതിന്റെയെല്ലാം ഗുണ ഫലമെന്നോണം പ്രവാചകന്‍ ആഗ്രഹിച്ചത് പോലെ പരിശുദ്ധ ഇസ്ലാം പൂര്‍ത്തിയാവുകയും ലോകത്തിന്റെ നാനാ ഭാഗങ്ങലിലും ഇസ്ലാമിന്റെ പ്രകാശം പരക്കുകയും അവിടത്തോട് സഹവസിച്ചവരെല്ലാം അവിടുത്തെ 'ബറകത്തു' കൊണ്ട് സന്മാര്‍ഗ ദീപങ്ങളും ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുമായതെല്ലാം നാം ഓര്‍ക്കണം. സാമൂഹിക തിന്മകള്‍ക്കപ്പുറം നമ്മുടെ മനസിനെ ബാധിച്ച മുഴുവന്‍ അഴുക്കുകയില്‍ നിന്നും ആത്മാവിനെ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ നാമം വിളിച്ചു പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."