കെ.എസ്.ടി.പി റോഡില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും
കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായി. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫിസില്‍ സബ് കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കെ.എസ്.ടി.പി, പൊലിസ്, ആര്‍.ടി.ഒ അധികൃതര്‍ സംയുക്ത പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ തീരുമാനിക്കും. ഉദുമ-പളളിക്കര പഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഇതിനായി ബേക്കല്‍ എസ്.ഐ, ജോയിന്റ് ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തി. ബേക്കല്‍, പള്ളിക്കര തുടങ്ങിയ അപകട മേഖലകളില്‍ സ്ഥിരമായി വാഹന പരിശോധന നടത്തും. ഇതിന് കൂടുതല്‍ പൊലിസുകാരെ നിയമിക്കും.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡ് തടസം സൃഷ്ടിച്ച് സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നത് ഒഴിവാക്കി സമാധാനം നിലനിര്‍ത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടപടി കൈക്കൊളളാന്‍ സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. റോഡില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ടി.പി ക്ക് നിര്‍ദ്ദേശം നല്‍കി. ഓണത്തിന് ശേഷം അധികൃതര്‍ നടപടിയെടുക്കും.
യോഗത്തില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദാലി, കണ്ണൂര്‍ കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി. മൊഹമ്മദ് ഇഷാക്, ജോയിന്റ് ആര്‍.ടി.ഒ എ.സി ഷീബ, കണ്ണൂര്‍ കെ.എസ്.ടി.പി അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി. ദേവേശന്‍, കെ.എസ്.ടി.പി അസി. എന്‍ജിനീയര്‍ പി. മധു, ബേക്കല്‍ പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.പി നാരായണന്‍, ആര്‍.ഡി.എസ് പ്രോഗ്രാം മാനേജര്‍ കെ.വി രഘുനാഥന്‍, ഡി.ആര്‍.ഇ, ഇ.ജി കെ - കെ.എസ്.ടി.പി കണ്‍സള്‍ട്ടന്റ് പി. സേഷ് കുമാര്‍, ആര്‍.ഡി.എസ് പ്രൊജക്ട് സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ പി.പി വേണു നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."