ഏച്ചുകെട്ടിയ വൈദ്യുത കമ്പികള്‍ അപകടം വിളിച്ചു വരുത്തുന്നു
പെരിയ: തോട്ടത്തിലെ ഉണങ്ങിയതും തല പോയതുമായ കവുങ്ങുകള്‍ മുറിച്ചു മാറ്റാതിരുന്നതും ഏച്ചു കൂട്ടിയ വൈദ്യുതി കമ്പികളുമാണ് പള്ളിക്കര പാക്കത്ത് വൈദ്യുതി ലൈന്‍ പൊട്ടി വീണ് കര്‍ഷകന്റെ ദാരുണ മരണത്തിനിടയാക്കിയത്. ഷോക്കേറ്റ് രണ്ട് പശുക്കളും ചത്തിരുന്നു. ചരല്‍ക്കടവ് പടിഞ്ഞാറ്റയില്‍ സി. നാരായണന്‍ നായരാണ് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റു മരിച്ചത്.
കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും വയലിലൂടെ വലിച്ച വൈദ്യുതി ലൈനാണ് തോട്ടതില്‍ പൊട്ടി വീണത്.കഴിഞ്ഞ വേനലില്‍ ഉണങ്ങിയ കവുങ്ങുകള്‍ ഉടമ മുറിച്ചു നീക്കിയിരുന്നില്ല. ഇത്തരത്തില്‍പ്പെട്ട ഒരു കവുങ്ങാണ് കമ്പിയില്‍ വീണത്. കൂടാടെ കമ്പി മുഴുവനും യോജിപ്പിച്ചതായിരുന്നു. വയലിനക്കരെയുള്ള ഒറ്റ വീട്ടിലേക്കാണ് വൈദ്യുതി ലൈന്‍ പോകുന്നത്. ചൊവ്വാഴ്ച രാത്രി 10 വരെയും ഈ വീട്ടില്‍ വൈദ്യുതി ഉണ്ടായിരുന്നതായി വീട്ടുടമ പറഞ്ഞു. ഇതിനു ശേഷമാണ് കമ്പി പൊട്ടിയതെന്നു സംശയിക്കുന്നു. ഇന്നലെ രാവിലെ അപകടം നടന്നപ്പോഴാണ് കമ്പി പൊട്ടി വീണ വിവരം നാട്ടുകാരും അറിയുന്നത്.
ഉണങ്ങിയ കവുങ്ങ് യഥാ സമയം മുറിച്ചു നീക്കിയിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. നാരായണന്‍ നായരുടെ മരണം പാക്കം ഗ്രാമത്തിന് നഷ്ടമായത് നാട്ടുകാരുടെ പ്രിയപ്പെട്ട പൊതു പ്രവര്‍ത്തകനെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും തൊഴിലാളി യൂനിയന്‍ നേതാവുമായ നാരായണന്‍ നായര്‍ രാഷ്ട്രീയത്തിനതീതമായി നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."