കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി
മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്കുപോസ്റ്റില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ എക്സൈസ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി. ചീമേനി തിമിരി സ്വദേശി രഞ്ജിത്ത് (42) ആണ് പിടിയിലായത്.
ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ ചരക്ക് ലോറി ഡ്രൈവറുടെ പരാതിയിലാണ് നടപടി. മാസങ്ങളോളമായി ചെക്കു പോസ്റ്റില്‍ സിവില്‍ എക്സൈസ് ഓഫീസറായ രഞ്ജിത്ത് തന്റെ കയ്യില്‍ നിന്നും 100 രൂപ കൈക്കൂലി വാങ്ങാറുണ്ടെന്നും കഴിഞ്ഞ ദിവസം കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ചെക്കു പോസ്റ്റില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായും പരാതിയില്‍ പറയുന്നു. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി രഘുരാമന്റെ നിരീക്ഷണത്തിലായിരുന്നു രഞ്ജിത്ത്.
ഇതിനിടെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രഞ്ജിത്ത് 100 രൂപ വീതം ദിവസേന ചെക്കുപോസ്റ്റിലൂടെ കടന്നു പോകുന്ന നിരവധി വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ നിന്നും പണം കൈപറ്റുന്നതായി കണ്ടെത്തിയത്. ഇതിനിടെ ഇന്നലെ വൈകുന്നേരം ഡി.വൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തില്‍ സി.ഐ മാരായ സി.ബാലകൃഷ്ണന്, അനില്‍ കുമാര്‍ കാസര്‍കോട് തഹസില്‍ദാര്‍ ശശിധര ഷെട്ടി , സീനിയര്‍ സൂപ്രണ്ട് മുരളീധരന് നായര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."