കുട്ടികള്‍ക്ക് പഠനമുറി ഒരുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം
ആദ്യമൊക്കെ വീടുകളില്‍ ഒരുപാട് ആളുകളും കുട്ടികളുമൊക്കെ ഉണ്ടായിരുന്നു. കുട്ടികളെല്ലാവരും കൂടി ഹാളിലോ ഉമ്മറത്തോ ഒക്കെ കൂട്ടമായി ഇരുന്നാണ് എഴുതിപഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാലം അതല്ല. കുടുംബം ചെറുതായി. ഒരു വീട്ടില്‍ ഒന്നോ രണ്ടോ കുട്ടികള്‍.
അവര്‍ക്ക് മാത്രമായി പഠനമുറികളും കിടപ്പുമുറികളും പണിതു തുടങ്ങി. കുട്ടികള്‍ സ്‌കൂളില്‍ നിന്നു വന്നാല്‍ അവര്‍ക്ക് ശാന്തമായി ഇരുന്നു പഠിക്കാന്‍ പറ്റുന്നതാവണം പഠനമുറി. അല്ലാതെ എവിടെയങ്കിലും മേശയും കസേരയും വലിച്ചിട്ട് അല്ലെങ്കില്‍ മിക്കവാറും വീടുകളില്‍ ഡൈനിങ് ടേബിള്‍ തന്നെയാണ് പഠനമുറി. അതുപാടില്ല. മാത്രമല്ല മാതാപിതാക്കളുടെ കണ്ണെത്തുന്ന ഇടവുമായിരിക്കണം.
വീട്ടില്‍ അത്യാവശ്യം സൗകര്യവും അധിക മുറികളുമുണ്ടെങ്കില്‍ അത് പഠനമുറിയാക്കി മാറ്റാം. എന്നാല്‍, ചെറിയ അപ്പാര്‍ട്ട്‌മെന്റോ വീടോ ആണെങ്കില്‍ ഒരു കോര്‍ണര്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
ധാരാളം വെളിച്ചവും വായുസഞ്ചാരവും കിട്ടുന്ന ഇടമാണെന്ന് ഉറപ്പുവരുത്തണം. കൂടാതെ ടി.വിയുടെയോ മറ്റുള്ളവരുടെയോ ശബ്ദമോ അടുക്കളയിലെ ശബ്ദമോ ഇവയൊന്നും കുട്ടികളുടെ പഠനത്തെ ശല്യപ്പെടുത്തുന്നില്ലെന്നു ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
പഠനമുറി തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് വെളിച്ചമുള്ള മുറിയാണോ എന്നു തന്നെയാണ്. പഠിക്കുന്ന സമയത്ത് കുട്ടികള്‍ മണിക്കൂറുകളോളം ഇവിടെയാകും ചെലവഴിക്കുക. അതുകൊണ്ട് പരമാവധി പ്രകൃതിദത്തമായ വെളിച്ചം തന്നെ കിട്ടുന്ന ഇടമായിരിക്കാന്‍ ശ്രദ്ധിക്കുക.
ജനാലകള്‍ക്കരികില്‍ പഠനമുറിയാകുമ്പോള്‍ പുറത്തേക്ക് നോക്കിയിരുന്ന് കുട്ടികളുടെ ശ്രദ്ധ മാറിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ജനാലകള്‍ക്ക് എതിരായി സജ്ജീകരിച്ചാലോ ഇത് വായുവും വെളിച്ചവും കുറയാനും കാരണമാകും.
ഇത് ഒഴിവാക്കാന്‍ ജനാലയില്‍ ഇളം നിറത്തിലുമുള്ള കര്‍ട്ടന്‍ ഇടാവുന്നതാണ്. ലൈറ്റുകള്‍ വയ്ക്കുന്ന സമയത്ത് ബുക്കിലേക്ക് നിഴല്‍ വീഴുന്ന തരത്തിലുള്ളതാവരുത്. ടേബിള്‍ ലാംപ്/ഡെസ്‌ക് ലാംപ് എന്നിവയും ഇതിനായി ഉപയോഗിക്കാം. ലൈറ്റുകള്‍ അധികം മങ്ങിയതോ കൂടുതല്‍ തെളിച്ചമുള്ളതോ ആവരുത്. എന്നാല്‍ കണ്ണിലേക്ക് നേരിട്ട് പതിക്കുന്ന രീതിയിലാവാതിരിക്കാനും ശ്രദ്ധിക്കൂ.
പഠനമുറിക്ക് അലങ്കാരങ്ങള്‍ വേണമെന്നില്ല. ഒന്നോ രണ്ടോ ഇന്‍ഡോര്‍ പ്ലാന്റ് വേണമെങ്കില്‍ സ്റ്റഡി ഏരിയയില്‍ വയ്ക്കാം. ശുദ്ധവായു കിട്ടാന്‍ ഇത് നല്ലതാണ്. കുട്ടികള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന രീതിയിലുള്ള പോസ്റ്ററുകളോ ഡെക്കറേഷനോ ചെയ്യാവുന്നതുമാണ്.
ചുമരില്‍ വൈറ്റ് ബോര്‍ഡ് സജ്ജീകരിക്കുന്നത് നല്ലതാണ്. അവര്‍ക്ക് ഓര്‍ത്തിരിക്കാനുള്ള കാര്യങ്ങള്‍ എഴുതിവയ്ക്കാനും വരക്കാനുമെല്ലാം ഇത് സഹായിക്കും. കൂടാതെ പുസ്തകങ്ങളും മറ്റും എപ്പോഴും അടുക്കും ചിട്ടയിലും വയ്ക്കാനും ശീലിപ്പിക്കുക.
ചുവരില്‍ ഇളം നിറങ്ങളായിരിക്കും കുട്ടികളുടെ പഠനമുറിക്ക് നല്ലത്. ഇളം പച്ച, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളെല്ലാം പഠനമുറിക്ക് അനുയോജ്യമാണ്. കുട്ടികളില്‍ പോസിറ്റിവ് എനര്‍ജി നിറക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ നിറങ്ങള്‍ സഹായിക്കും. ഇനി കിടപ്പുമുറിയിലാണ് പഠനമുറി എങ്കില്‍ ആ ഭാഗം മാത്രം ഇത്തരം നിറങ്ങളുള്ള വാള്‍പേപ്പര്‍ ഉപയോഗിച്ച് മാറ്റിയെടുക്കാവുന്നതാണ്.
സ്റ്റഡി ടേബിള്‍, കസേര, പുസ്തക ഷെല്‍ഫുകള്‍ ഇവയാണ് പഠനമുറിയില്‍ അത്യാവശ്യമായി വേണ്ടത്. അത് പഠനമുറിയുടെ സ്ഥലവും സ്ഥലപരിമിതിയും നോക്കി വേണം തിരഞ്ഞെടുക്കാന്‍. ഡ്രോയറുകളുള്ള സ്റ്റഡി ടേബിളാണ് വാങ്ങുന്നതെങ്കില്‍ പഠനശേഷം പുസ്തകങ്ങളെല്ലാം അതില്‍ അടുക്കിവയ്ക്കാം.
ആവശ്യം കഴിഞ്ഞ് മടക്കിവെക്കാവുന്ന കസേരകളും മേശകളും ഇന്ന് വിപണയില്‍ ലഭ്യമാണ്. സ്ഥലം കുറവുള്ളവരാണെങ്കില്‍ ഇത്തരത്തിലുള്ള ഫര്‍ണിച്ചര്‍ വാങ്ങുന്നതും ഗുണം ചെയ്യും.
കുട്ടികളാണ്, ചെറിയൊരു ശബ്ദം കേട്ടാല്‍ അവര്‍ അങ്ങോട്ടു പോകും. പ്രത്യേകിച്ച് പഠിക്കുന്ന സമയത്ത്. ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗവും സ്മാര്‍ട്ട് ഫോണും ടാബും കൂടുതലായി ഉപയോഗിക്കുന്ന കുട്ടികളാണ്.
അതുകൊണ്ട് പഠിക്കുന്ന സമയത്ത് കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാതിരിക്കുക. കുട്ടികളെ പഠിപ്പിക്കാനിരിക്കുന്ന മാതാപിതാക്കളും ആ സമയത്ത് ഫോണ്‍ മാറ്റിവയ്ക്കുക. ഇതിന് പുറമെ കുട്ടികളുടെ കളിപ്പാട്ടങ്ങളും പഠനമുറിയില്‍ നിന്ന് ഒഴിവാക്കുന്നതും നന്നായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."