അധ്യാപകദിനത്തില്‍ മന്ത്രിമാര്‍ ക്ലാസെടുക്കുന്നത് അപഹാസ്യം: കെ.എസ്.ടി.യു
മലപ്പുറം: സെപ്റ്റംബര്‍ 5ന് നടക്കുന്ന ദേശീയ അധ്യാപകദിനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും വിദ്യാലയങ്ങളില്‍ കയറി പഠിപ്പിക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണെന്ന് കെ.എസ്.ടി.യു നേതൃയോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി വിരമിച്ച അധ്യാപകനാണെങ്കിലും വിദ്യാലയത്തില്‍ കയറി പഠിപ്പിക്കുമെന്ന പ്രസ്താവന തികച്ചും അപക്വമാണ്. വിദ്യാലയങ്ങള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നടത്തിപ്പിനും പഠനം നടത്തുന്നതിനും മറ്റു കാര്യനിര്‍വഹണത്തിനും ചട്ടങ്ങളും ചിട്ടകളും നിലനില്‍ക്കുന്നുണ്ട്. കേരള വിദ്യാഭ്യാസ ചട്ടം അധ്യായം 14 വകുപ്പ് എ 7 പ്രകാരം വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിന് വ്യക്തമായ നിബന്ധനകള്‍ ഉണ്ട്. ഇത് കാറ്റില്‍പറത്താന്‍ ആര്‍ക്കും അധികാരമില്ല. ആരെയും അനുവദിക്കുകയുമില്ല. യോഗം മുന്നറിയിപ്പ് നല്‍കി. പുരോഗമനമെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം ചെയ്തികള്‍ സാക്ഷരകേരളത്തിന് അപമാനകരമാണ്.
മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തും ഇത്തരം നീക്കം ഉണ്ടാവുകയും അത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ മേധാവികളും വിദ്യാലയങ്ങളില്‍ കയറി പഠിപ്പിക്കുമെന്ന് പറയുന്ന കെ.സി.എഫ് 2007 കേരളത്തിലെ അക്കാദമികസമൂഹം തള്ളിക്കളഞ്ഞതാണ്. വിദ്യാലയങ്ങളില്‍ പാഠപുസ്തകം എത്തിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം വിതരണം ചെയ്യാതെയും അധ്യാപകരുടെ തടഞ്ഞ ശമ്പളം നല്‍കാതെയും മുന്നോട്ടുപോകുന്ന സര്‍ക്കാരും മന്ത്രിയും ഇത്തരം തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അധ്യാപകരുടെ ശമ്പളം തടഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപകദിനത്തില്‍ സംയുക്ത അധ്യാപക സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധകൂട്ടായ്മ വിജയിപ്പിക്കണമെന്നും സെപ്റ്റംബര്‍ 2ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് സി.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ വി.കെ. മൂസ, ഭാരവാഹികളായ ബഷീര്‍ ചെറിയാണ്ടി, അബ്ദുള്ള വാവൂര്‍, പി.കെ. ഹംസ, ഹമീദ് കൊമ്പത്ത്, പി. ഹസൈന്‍, യൂസഫ് ചേലപ്പള്ളി, പി.എ. സീതി, ഇ. മുസ്തഫ, പി.കെ.എം. ഷഹീദ്, എം.എം. ജിജുമോന്‍, പി.കെ. അസീസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."