ജെ.ബി കോശി മനുഷ്യാവകാശ ലംഘകര്‍ക്ക് ഉള്‍ഭീതിയുണ്ടാക്കി: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനകീയ ന്യായാധിപനായ ജസ്റ്റിസ് ജെ.ബി കോശി മനുഷ്യാവകാശ ലംഘകര്‍ക്ക് ഉള്‍ഭീതി ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജസ്റ്റിസ് ജെ.ബി കോശിയുടെ അര്‍പ്പണബോധമാണ് കേരള മനുഷ്യാവകാശ കമ്മിഷനെ ഇന്ത്യയിലെ ഏറ്റവും മികച്ച മനുഷ്യാവകാശ കമ്മിഷനാക്കി തീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശിക്ക് വി.ജെ.റ്റി ഹാളില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്നും എല്ലാവര്‍ക്കും എല്ലാദിവസവും ഭക്ഷണം നല്‍കി കേരളത്തെ പട്ടിണിരഹിത സംസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യാവകാശലംഘനം നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കും. അഴിമതി മനുഷ്യാവകാശ ലംഘനത്തിനുള്ള ഒരു കാരണമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഴിമതിരഹിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. മനുഷ്യാവകാശ കമ്മിഷന് ആസ്ഥാനമന്ദിരം നിര്‍മിക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ.പി. ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമ്മിഷന്‍ പുറത്തിറക്കിയ പ്രത്യേക വാര്‍ത്താപത്രികയുടെ പ്രകാശനം നിര്‍വഹിച്ചു. ജസ്റ്റിസ് ജെ.ബി കോശി മറുപടി പ്രസംഗം നടത്തി. മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ അധ്യക്ഷനായിരുന്നു.
കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് സ്വാഗതം പറഞ്ഞു. നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, കേരളാ പൊലിസ് സര്‍വകലാശാല നോഡല്‍ ഓഫിസറും മുന്‍ ഡി.ജി.പിയുമായ ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഫ്രാറ്റ് പ്രസിഡന്റ് അഡ്വ. മരുതംകുഴി സതീഷ്‌കുമാര്‍, കമ്മിഷന്‍ സെക്രട്ടറി എസ്. കുമാരിസുധ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."