സിംഗൂരിലെ ഭൂമിയേറ്റെടുക്കല്‍ സുപ്രിംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ നിര്‍മാണത്തിനായി ടാറ്റയ്ക്ക് ആയിരം ഏക്കര്‍ ഭൂമി കൈമാറിയ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. 12 ആഴ്ചയ്ക്കുള്ളില്‍ കര്‍ഷകര്‍ക്ക് തന്നെ ഭൂമി തിരികെനല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്കി.
നിര്‍ബന്ധപൂര്‍വ്വം ഭൂമി ഏറ്റെടുത്ത നടപടി പലകാരണങ്ങളാലും തെറ്റായിരുന്നുവെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വി ഗോപാല ഗൗഡ എന്നിവര്‍ അടങ്ങിയ സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ അഭിപ്രായം തേടാതെ ധൃതിയില്‍ നന്ദിഗ്രാം കലക്ടര്‍ ഭൂമി ഏറ്റെടുത്തതു ഗുരുതരമായ പിഴവായിരുന്നു. ഏറ്റെടുത്ത് 10 വര്‍ഷമായിട്ടും ഭൂമി ഉപയോഗിക്കാത്തതിനാലും കഴിഞ്ഞ പത്തുവര്‍ഷമായി കര്‍ഷകരുടെ ജീവിതം ദുരിതത്തിലായിരുന്നതിനാലും കര്‍ഷകര്‍ക്ക് നല്കിയ നഷ്ടപരിഹാരം സര്‍ക്കാര്‍ തിരിച്ചുവാങ്ങരുത്. നിയമത്തിന്റെ കുറുക്കുവഴിയിലൂടെയാണ് ടാറ്റക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതെന്നും ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനം തട്ടിപ്പായിരുന്നെന്നും ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."