സത്യദൂതർ: ഭാഗം 11 -മുൻവേദങ്ങളിലെ സൂചനകൾ
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വലില്‍ 'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ പതിനൊന്നാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും https://www.youtube.com/watch?v=PTevADTomzM ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും 30 ദിവസവും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
മുൻവേദങ്ങളിലെ സൂചനകളുടെ പൊരുൾ
പ്രവാചകന്മാരുടെ ദൗത്യങ്ങൾ സമാനമാണ്. അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെ കുറിച്ചും ഓർമ്മപ്പെടുത്തലാണ് അതിൽ പ്രധാനം. എന്നാൽ അന്ത്യദൂതർക്കില്ലാത്ത ഒരു ദൗത്യം മുൻകാല നബിമാർക്കെല്ലാം ഉണ്ടായിരുന്നു. അത് അവസാനകാലത്ത് ഇങ്ങനെയൊരു നബി വരാൻ പോകുന്നുണ്ട് എന്ന സുവിശേഷം അറിയിക്കലാണ്. അന്ത്യപ്രവാചകരെ അംഗീകരിക്കാത്തതിന്റെ പേരിൽ നാളെ പരലോകത്ത് മുൻകാല പ്രവാചകരുടെ അനുയായികൾക്ക് യാതൊരു ന്യായവും പറയാൻ അവസരം ഉണ്ടാകരുത് എന്നതാണ് അതിനു പിന്നിലെ പൊരുളായി നമുക്ക് കാണാനാവുന്നത്.
മുൻകാല നബിമാരുടെ സന്ദേശം അനുസരിച്ചു ജീവിക്കുന്നവർക്കും തങ്ങളുടെ കാലത്ത് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ടാൽ അംഗീകരിക്കൽ നിർബന്ധമാണല്ലോ. യഥാർത്ഥത്തിൽ അവർക്ക് മുഹമ്മദ് നബി(സ)യെ തിരസ്കരിക്കാൻ ഇങ്ങനെ ന്യായം പറയാം. ‘അല്ലാഹുവേ ഞങ്ങൾ നീ അയച്ച ഇന്ന പ്രവാചകന്റെ സന്ദേശം അനുസരിച്ചു ജീവിക്കുകയായിരുന്നു. അദ്ദേഹം അന്ത്യപ്രവാചകനാണെന്നാണ് ഞങ്ങൾ വിശ്വസിച്ചു പോന്നത്. അതിനാൽ, അക്കാലത് മക്കയിൽ ഒരാൾ പ്രവാചകത്വം വാദിച്ചപ്പോൾ അതു വ്യാജമാകുമെന്ന് ഞങ്ങൾ കരുതി. അതുകൊണ്ടാണ് അദ്ദേഹത്തിൽ വിശ്വസിക്കാതിരുന്നത്’. എന്നാൽ ഇങ്ങനെ ഒരു ന്യായം പറച്ചിലിന്റെ അവസരം നിഷേധിക്കാൻ വേണ്ടി മുൻകാല പ്രവാചകരെ കൊണ്ടെല്ലാം തങ്ങളുടെ ജനതയ്ക്ക് അല്ലാഹു പഠിപ്പിച്ചു കൊടുത്തു ഇനി ഒരു പ്രവാചകൻ വരാൻ പോകുന്നുണ്ട് എന്ന വസ്തുത.
നിങ്ങളുടെ കാലത്ത് മുഹമ്മദ് നബി നിയോഗിതമായാൽ നിങ്ങൾക്കു ഞാൻ നൽകിയ സന്ദേശം മാറ്റിവെച്ച് അദ്ദേഹത്തെ അനുഗമിക്കണം എന്ന് ആത്മാക്കളുടെ ലോകത്ത് വച്ചുതന്നെ എല്ലാ പ്രവാചകരുമായും അല്ലാഹു കരാർ ചെയ്തിട്ടുണ്ട്. പ്രസ്തുത കരാർ ഖുർആൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “അല്ലാഹു പ്രവാചകന്മാരോടു കരാര്‍ വാങ്ങിയ സന്ദര്‍ഭം സ്മരണീയമത്രേ: ഞാന്‍ നിങ്ങള്‍ക്കു വേദവും തത്ത്വജ്ഞാനവും നല്‍കുകയും എന്നിട്ട്, നിങ്ങള്‍ വശമുള്ളതിനെ അംഗീകരിച്ചുകൊണ്ട് ഒരു ദൂതന്‍ വരികയുമാണെങ്കില്‍ നിങ്ങളദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്‌തേ പറ്റൂ. അല്ലാഹു ചോദിച്ചു: നിങ്ങള്‍ സമ്മതിച്ചുവോ, എന്റെ ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുവോ? ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നവര്‍ പ്രതികരിച്ചു. അല്ലാഹു പറഞ്ഞു: എങ്കില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുക; ഞാനും നിങ്ങളൊന്നിച്ചു സാക്ഷിയാകുന്നു. ഇനിയും ഈ പ്രതിജ്ഞയില്‍ നിന്നു പിന്തിരിയുന്നവരാരോ അവര്‍ തന്നെയാണു ധിക്കാരികള്‍” (സൂറത്തു ആലുഇമ്രാൻ: 81,82)
ഖുർആൻ സാക്ഷ്യപെടുത്തുന്നു
മുൻ വേദങ്ങളിൽ മുഹമ്മദ് നബിയെ കുറിച്ചുള്ള സൂചനകൾ ഉണ്ട് എന്നത് വിശുദ്ധ ഖുർആൻ ഖണ്ഡിതമായി പറഞ്ഞതാണ്.
“തങ്ങള്‍ വശമുള്ള തൗറാത്തിലും ഇന്‍ജീലിലും ഉല്ലേഖിതനായി അവര്‍ക്കു കാണാന്‍ കഴിയുന്ന, അക്ഷരം പഠിച്ചിട്ടില്ലാത്ത പ്രവാചകനായ മുഹമ്മദ് നബിയെ അനുധാവനം ചെയ്യുന്നവരാണവര്‍. ആ നബി അവരോട് നന്മകല്‍പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നു; എല്ലാ നല്ലതും അനുവദിക്കുകയും ചീത്ത നിഷിദ്ധമാക്കുകയും അവരുടെ ഭാരങ്ങള്‍ ഇറക്കി വെക്കുകയും ചെയ്യുന്നു; അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ അഴിച്ചു മാറ്റുന്നു. അപ്പോള്‍, ആര് ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും തന്നോടൊപ്പം അവതീര്‍ണമായ ഖുര്‍ആനിക പ്രകാശം പിന്തുടരുകയും ചെയ്യുന്നുവോ അവര്‍ തന്നെയത്രേ വിജയികള്‍” (സൂറത്തുൽ അഅറാഫ് 157).
അഹ്മദ് എന്ന പേരുള്ള എനിക്കു ശേഷം വരാൻ പോകുന്ന പ്രവാചകനെ കുറിച്ചുള്ള സുവിശേഷം അറിയിക്കാനുമാണ് എന്റെ നിയോഗം എന്ന് ഈസാ നബി പറയുന്നതായി ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. “മര്‍യമിന്റെ മകന്‍ ഈസാനബി പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്.ഇസ്രയേല്യരേ, എനിക്കു മുമ്പുള്ള തൗറാത്തിനെ ശരിവെച്ചും എന്റെ വഴിയെവരുന്ന അഹ്മദ് എന്നു പേരുള്ള ദൂതനെക്കുറിച്ച് ശുഭവാര്‍ത്ത നല്‍കിയും കൊണ്ട് നിങ്ങളിലേക്ക് നിയുക്തനായ ദൂതനാണ് ഞാന്‍. അങ്ങനെ സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി ആ ദൂതന്‍ തങ്ങളുടെ അടുത്ത് ചെന്നപ്പോള്‍ ഇത് വ്യക്തമായ മാരണവിദ്യയാണ് എന്ന് അവര്‍ ജല്‍പിച്ചു” (സൂറത്തുസ്സ്വഫ്ഫ് : 6)
ബൈബിൾ പഴയനിയമത്തിലെ ചില സൂചനകൾ
ആവർത്തനപുസ്തകം 18:17-18
17. അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
18. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
ഇവിടെ “നിന്നെപ്പോലെ” എന്നതിൽ നിന്നും മൂസ നബിയെ പോലുള്ള ഒരു പ്രവാചകനെ കുറിച്ചാണ് പ്രവചനമെന്ന് മനസ്സിലാകും. ക്രിസ്ത്യർ അവകാശപ്പെട്ടതുപോലെ ഒരിക്കലും അത് ഈസാനബി ആകില്ല. കാരണം ഏതർത്ഥത്തിൽ താരതമ്യം ചെയ്താലും മൂസാ നബിയെ പോലെ മുഹമ്മദ് നബിയാണുള്ളത്. വിവാഹം കഴിച്ചു മക്കളുണ്ടായതിലും പലായനം ചെയ്ത വിഷയത്തിലും പിന്തുടർന്ന ശത്രു സേനയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ കാര്യത്തിലും സാമ്യം മൂസ നബിയും മുഹമ്മദ് നബിയും തമ്മിലാണ്.
“അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന്” എന്ന പ്രയോഗത്തിൽ നിന്നും ഈ പ്രതീക്ഷിക്കപ്പെട്ട പ്രവാചകൻ ഇസ്രായേൽ സന്തതികളിൽ പെട്ടവരെല്ലെന്നും അവരുടെ സഹോദരങ്ങളായ അറബികളുടെ കൂട്ടത്തിൽപ്പെട്ടവരാണെന്നും മനസ്സിലാവും. ഇസ്രായേൽ സന്തതികളുടെ പിതാമഹനായ ഇസ്ഹാഖ് നബിയുടെ സഹോദരനായ ഇസ്മായിൽ നബിയുടെ സന്താനപാരമ്പരയാണല്ലോ അറബികൾ.
ആവർത്തനപുസ്തകം 33:2
അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പർവ്വതത്തിൽനിന്നു വിളങ്ങി; പതിനായിരം വിശുദ്ധന്മാരുടെ ഒപ്പം വന്നു; അവർക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽഉണ്ടായിരുന്നു
സീനായ് പർവതത്തിൽ വച്ചാണ് മൂസാനബിക്ക് അല്ലാഹു വെളിപാട് നൽകുന്നത്. സെയിർ പർവ്വതം ഈസാനബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ടതാണ്. എങ്കിൽ പാറാൻ പർവ്വതം മുഹമ്മദ് നബിക്ക് പ്രവാചകത്വം നൽകാൻ അല്ലാഹു തിരഞ്ഞെടുത്ത മക്കയിലെ ജബലുന്നൂർ ആകണം. സീനായിൽനിന്നു “വന്നു” എന്നും സേയീരിൽനിന്നു “ഉദിച്ചു” എന്നും പാറാൻ പർവ്വതത്തിൽനിന്നു “വിളങ്ങി” അഥവാ പ്രകാശിച്ചു എന്നുമാണല്ലോ പ്രയോഗം. ഇത് പ്രകാശപർവ്വതം എന്നർത്ഥമുള്ള ജബലുന്നൂരിലേക്ക് സൂചനയുണ്ടല്ലോ. “പതിനായിരം വിശുദ്ധന്മാരുടെ ഒപ്പം വന്നു” എന്നത് മക്കാ വിജയ സമയത്ത് മുഹമ്മദ് നബി(സ)ക്കൊപ്പമുണ്ടായിരുന്ന 1000 അനുയായികളെ സൂചിപ്പിക്കുന്നുണ്ട്.
ബൈബിൾ പുതിയനിയമത്തിലെ സൂചനകൾ
യോഹന്നാൻ 16:7
എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും.
തനിക്ക് ശേഷം നിയോഗിതമാകാൻ പോകുന്ന പ്രവാചകനെ കുറിച്ച് ക്രിസ്ത്യർ വിശ്വസിക്കുന്ന യേശുക്രിസ്തു പറയുന്നതായി രേഖപ്പെട്ട ഈ വചനത്തിൽ “കാര്യസ്ഥൻ” എന്ന പദം വിവിധ ഭാഷകളിൽ പലതായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. വേദഗ്രന്ഥം അവതരിച്ച സുറിയാനി ഭാഷയിൽ നിന്നും ആദ്യം ഗ്രീക്കിലേക്കും പിന്നെ പലതവണ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടവയിൽ നിന്നാണ് മലയാള പരിഭാഷയടക്കം തയ്യാർ ചെയ്യപ്പെട്ടത്. അതിനാൽ പ്രയോഗിക്കപ്പെട്ട പദം ഈസാനബി തന്റെ ജനതക്ക് മുഹമ്മദ് നബിയെക്കുറിച്ച് സുവിശേഷം അറിയിച്ചതായി ഖുർആൻ സാക്ഷ്യപ്പെടുത്തിയ വചനത്തിൽ പ്രയോഗിച്ച അഹ്മദ് എന്ന നാമത്തിനു സമാനമായതാണോ എന്ന് നിജപ്പെടുത്താൻ പ്രയാസമുണ്ട്.
സ്വീകരിക്കൽ നിർബന്ധമോ?
യഹൂദ ക്രൈസ്‌തവർ ഈ സൂചനകളെ നിഷേധിച്ചിട്ടുണ്ട്. അവയെ ശരിവച്ചാൽ പിന്നെ ഇരു മതങ്ങൾക്കും നിലനിൽപ്പില്ലല്ലോ. എന്നാൽ, 1970 കളിൽ നടത്തിയ തൻ്റെ പ്രഭാഷണത്തിലൂടെ അഹ്‌മദ് ദീദാത്തും" 1982 ൽ എഴുതിയ തൻ്റെ കൈപുസ്‌തകത്തിൽ ഡോ. ജമാൽ ബദവിയും" പഴയനിയമത്തിലെയും പുതിയ നിയമത്തിലെ യും വചനങ്ങളിൽനിന്ന് മുഹമ്മദ് നബിയുടെ ആഗമനസൂചനകൾ കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ട്. ഈ വാദങ്ങളെ സ്വീകരിക്കാനും തിരസ്കരിക്കാനും വിശ്വാസപരമായി മുസ്‌ലിമിനു സ്വാതന്ത്ര്യം ഉണ്ട്.
സ്വീകരിക്കാനുള്ള രണ്ടു കാരണങ്ങൾ ഇവയാണ്.
1. തൗറാത്തിനെ ശരിവക്കലും എനിക്ക് ശേഷം വരാനുള്ള അഹ്‌മദ് എന്ന് പേരുള്ള ഒരു പ്രവാചകനെക്കുറിച്ചുള്ള ശുഭവാർത്ത അറിയിക്കലുമാണ് തൻ്റെ ദൗത്യമെന്ന് ഈസാ നബി പറഞ്ഞതായി ഖുർആനിലുണ്ട്.
2. അവരുടെ പക്കൽ തൗറാത്തിലും ഇഞ്ചീലിലുമായി മുഹമ്മദ് നബിയെ കുറിച്ച് രേഖയുണ്ട് എന്നും ഖുർആൻ പരാമർശിക്കുന്നു.
ഖുർആനിൽ അങ്ങനെയുണ്ട് എന്ന് കരുതി മാറ്റത്തിരുത്തലുകൾക്ക് വിധേയമായി എന്ന് ഖുർആൻ തന്നെ വിശേഷിപ്പിച്ച ഇന്നത്തെ പഴയനിയമത്തിലും പുതിയനിയമത്തിലും മുഹമ്മദ് നബിയെക്കുറിച്ചുള്ള സൂചനകൾ കാണണമെന്ന് നിർബന്ധമില്ല എന്നതാണ് തിരസ്കരണത്തിന്റെ ന്യായം.
മുൻ ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.suprabhaatham.com/readmore?tag=Satyadoothar
മുൻ വിഡിയോ ഭാഗങ്ങൾ: https://www.youtube.com/playlist?list=PL7OFZrJI_z6FptB8tS2IQmoZjRXvL-w6b
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."