വാഹനപ്രേമികൾക്ക് സന്തോഷ വാർത്ത; മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു
അമേരിക്കൻ കാർ നിർമാതാക്കളായ ഫോഡ് ഇന്ത്യയിലെ പ്രവർത്തനം നിർത്തി മൂന്ന് വർഷത്തിന് ശേഷം വീണ്ടും തിരിച്ചെത്തുന്നു. ഏറെ നാളുകളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ചെന്നൈ മറൈമലൈ നഗറിലെ 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന് കമ്പനി അപേക്ഷ നൽകിയതായാണ് വിവരം.
ആഗോള ഓട്ടോമൊബൈൽ കമ്പനിയായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന എന്നതിന് തെളിവാണ് പുതിയ അപേക്ഷ. ലാഭകരമല്ലാത്ത വിപണിയാണ് ഇന്ത്യയെന്ന തിരിച്ചറിവിലായിരുന്നു ഫോഡ് മൂന്ന് വർഷം മുമ്പ് ഇന്ത്യയിലെ പ്രവർത്തനം നിർത്തി തിരിച്ചുപോയത്. ഇതിൽ 2,600 ജീവനക്കാർക്കു നഷ്ടപരിഹാരം നൽകുന്നതിലുള്ള തർക്കം ഇനിയും തീർന്നിട്ടുമില്ല. ഇതിനിടെയാണ് ഫോഡിന്റെ രണ്ടാം വരവ്.
നിക്ഷേപ സമാഹരണത്തിന് യു.എസിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും വാഹന നിർമാണം പുനരാരംഭിക്കുക. 830 കോടി രൂപയ്ക്കു ചെന്നൈ പ്ലാന്റ് വിൽക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് കരാർ റദ്ദാക്കുകയായിരുന്നു. ഈ പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന് കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്.
ഫോഡിന്റെ ഫിഗോ, ഫിയസ്റ്റ, ഇക്കോ സ്പോർട്ട് തുടങ്ങി ഏറെ ആരാധകരുള്ള വാഹനങ്ങൾ ഫോഡ് ഇന്ത്യയിൽ നിർമിച്ചിരുന്നു. പിന്നീട് ലാഭകരമല്ലാത്ത വന്നതോടെ ഇന്ത്യ വിടാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. തിരിച്ചു വരവിൽ കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് പദ്ധതി എന്നാണ് സൂചന. അതുപോലെ തന്നെ, ഇന്ത്യയിൽ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന വിപണിയിലെ വൻസാധ്യതകളും കമ്പനി മനസിലാക്കുന്നുണ്ട്. ആഗോളതലത്തിൽ എസ് യുവി ഹൈബ്രിഡ്, ഇവി മോഡലുകളിലാണ് ഫോഡ് ഫോക്കസ് ചെയ്യുന്നത്. ഇത് ഇന്ത്യയിലേക്കുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."