ആറന്മുള: കെ.ജി.എസിന്റെ സ്വപ്‌നത്തിന് തിരിച്ചടി
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തിരുത്തലോടെ ആറന്മുള വിമാനത്താവള പദ്ധതിയുടെ സാധ്യത അസ്തമിക്കുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദു ചെയ്യുമെന്നും വി.എസ് സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ നല്‍കിയ അംഗീകാരം എടുത്തുകളയുമെന്നും പിണറായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കെ.ജി.എസ് കമ്പനിയുടെ വിമാനത്താവള പദ്ധതിയെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.
വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് ആറന്മുളയിലെ മണ്ണിട്ടു നികത്തിയ പാടശേഖരങ്ങളടക്കം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്.
2011 ഫെബ്രുവരി 24ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണനാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. 1963 സര്‍വേ നമ്പരുകളില്‍പ്പെട്ട പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു വ്യവസായമേഖലാ പ്രഖ്യാപനം നടത്തിയത്. ഇതില്‍ ആറന്മുള വില്ലേജിലെ ബ്ലോക്ക് നമ്പര്‍ രണ്ടില്‍പ്പെടുന്ന 227 സര്‍വേ നമ്പരുകളും കിടങ്ങന്നൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ മൂന്നില്‍ ഉള്‍പ്പെടുന്ന 137 സര്‍വേ നമ്പരുകളും മല്ലപ്പുഴശേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 12 ല്‍ ഉള്‍പ്പെടുന്ന 1599 സര്‍വേ നമ്പരുകളും ഉള്‍പ്പെടുന്നു. വയല്‍മേഖല കൂടാതെ 1500 ഏക്കറോളം ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.
യാതൊരു പരിശോധനയും കൂടാതെയാണ് സര്‍വേ നമ്പരുകളുടെ അടിസ്ഥാനത്തില്‍ മാത്രം വ്യവസായമേഖലാ പ്രഖ്യാപനം നടത്താന്‍ വ്യവസായവകുപ്പ് സെക്രട്ടറി തീരുമാനിച്ചത്. വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഇതിനായുള്ള സര്‍വേ നമ്പരുകള്‍ കെ.ജി.എസാണ് നല്‍കിയത്.
മൂന്ന് ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്ന തരത്തിലായിരുന്നു നടപടികള്‍. ഈ ദുരൂഹ തീരുമാനം റദ്ദാക്കുന്നതായാണ് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. തത്വത്തില്‍ നല്‍കിയ അംഗീകാരം പിന്‍വലിക്കാനും ധാരണയായി.
തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും നിലവിലെ നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തണമെന്നായിരുന്നു അന്ന് നിര്‍ദേശിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി നടപ്പാകൂവെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനൊപ്പം സംസ്ഥാനം വ്യവസായമേഖലാ പ്രഖ്യാപനം റദ്ദാക്കിയതോടെ ആറന്മുളയില്‍ വിമാനത്താവളമെന്ന കെ.ജി.എസിന്റെ സ്വപ്നത്തിന് അന്ത്യമാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."