പട്ടിണിയും പരിവട്ടവുമായി കൈത്തറി തൊഴിലാളികള്‍; റിബേറ്റ് ഇനത്തില്‍ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍
കാഞ്ഞങ്ങാട്: കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് റിബേറ്റ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് കോടികളുടെ കുടിശ്ശിക തുക. ഇതുമൂലം ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനു പോലും കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് കാലതാമസം നേരിടുന്നു.
കാസര്‍കോട് ജില്ലയില്‍ ഏഴ് കൈത്തറി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളാണ്. ഒരു ദിവസം ചുരുങ്ങിയത് 300 രൂപയെങ്കിലും കൂലിയിനത്തില്‍ കിട്ടിയാലേ ഈ തൊഴിലാളികള്‍ക്ക് ജീവിത ചെലവിനുള്ള വക കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ വേതനം പോലും യഥാസമയം ലഭിക്കാതെ വരുന്നത് കൈത്തറി മേഖലയിലെ തൊഴിലാളികളെ ദുരിതവഴിയിലാക്കുന്നു. വസ്ത്ര നിര്‍മാണ മേഖലയില്‍ ആധുനിക യന്ത്രങ്ങള്‍ കയറിവന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ മേഖലയെ പാടേ അവഗണിക്കുന്ന സ്ഥിതിയിലാണുള്ളത്. മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വക പത്തു ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വക ഇരുപത് ശതമാനവും കൂടി കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഇളവുകള്‍ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ഇളവ് നിര്‍ത്തലാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 20 ശതമാനം ഇളവാകട്ടെ വര്‍ഷങ്ങളായി ലഭിക്കാത്ത അവസ്ഥയിലുമാണ്. പുതു തലമുറയിലുള്ള ആളുകള്‍ ഈ മേഖലയിലേക്ക് കയറി വരാത്തതും കൈത്തറി മേഖലയെ തളര്‍ത്തുന്നു. ജോലി ചെയ്തു വേതനം പൂര്‍ണമായും ലഭിക്കാന്‍ കാല താമസം നേരിടേണ്ടി വരുന്നതോടെ പട്ടിണിയും പരിവട്ടങ്ങളുമായി കഴിഞ്ഞു കൂടേണ്ട അവസ്ഥയിലാണ് ഈ മേഖലയിലെ തൊഴിലാളികള്‍.
2012-2013 വര്‍ഷത്തെ റിബേറ്റ് ഇനത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം സംസ്ഥാന സര്‍ക്കാരില്‍ നിന്നും സംഘത്തിന് ലഭിക്കാനുണ്ടായിരുന്നത് 32 ലക്ഷം രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ കൊടുത്ത് തീര്‍ത്തത്. എന്നാല്‍ 2010 ലെ ക്രിസ്തുമസ്, ഓണാഘോഷ വേളയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയ റിബേറ്റിനത്തില്‍ 4,83,765 രൂപ ഇപ്പോഴും വിവിധ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇതിന് പുറമേ 2013 മുതല്‍ 2016 വരെയുള്ള 62,86,542 രൂപയും സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ മാത്രം അറുപത്തിയേഴ് ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റിയേഴ് രൂപയാണ് ഈയിനത്തില്‍ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളത്. കൈത്തറി സംഘങ്ങള്‍ കൂടുതലുള്ള സംസ്ഥാനത്തെ ഇതര ജില്ലകളിലും കൂടി സര്‍ക്കാരിന്റെ ബാധ്യത കോടികളാണ്. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കൈത്തറി മേഖല നാമാവശേഷമാകുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂനിഫോമിന് കൈത്തറി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം ഈ മേഖലയിലെ തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. 1.5 കോടി മീറ്റര്‍ തുണിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിവരുന്നതെന്ന് അധികൃതര്‍ കണക്കാക്കിയിട്ടുണ്ട്.എന്നാല്‍ 30 കോടി മീറ്റര്‍ തുണികള്‍ ഉല്‍പാദിപ്പിക്കാനുള്ള സൗകര്യങ്ങള്‍ മാത്രമാണ് സംസ്ഥാനത്തെ കൈത്തറി സംഘങ്ങള്‍ക്ക് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."