ഫ്‌ളാറ്റുകളില്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു നിലകളില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താന്‍ അഗ്നിശമനവിഭാഗം തീരുമാനിച്ചു. നിരവധി സ്ഥലങ്ങളില്‍ അടിക്കടി തീപിടിത്തമുണ്ടാകുന്നതും അഗ്നിശമനസേനയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഫയര്‍ ഓഡിറ്റിങ് നടത്തുന്നത്.
ഇതിനായി സേന കൈക്കൊള്ളേണ്ട തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ യോഗം തലസ്ഥാനത്തു ചേരുമെന്ന് അഗ്നിശമനസേനാ മേധാവി ഡി.ജി.പി എ. ഹേമചന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ മാസം കേരളത്തിലെ വിവിധ പ്രമുഖ വസ്ത്രശാലകളില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പല സ്ഥലങ്ങളിലും ഫയര്‍ സംവിധാനങ്ങളില്ലാത്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം രേഖാമൂലം വിജിലന്‍സ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
അതാതു പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെയും അഗ്നിശമനവകുപ്പിന്റെ എന്‍.ഒ.സി പോലുമില്ലാതെ ലൈസന്‍സ് നല്‍കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് അഗ്നിശമനവിഭാഗം ഫയര്‍ ഓഡിറ്റിങ് നടത്താന്‍ തീരുമാനിച്ചത്.
അതേസമയം മൂന്നു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ തീ പിടിച്ചാല്‍ അണയ്ക്കാന്‍ അഗ്‌നിശമനസേനയ്ക്ക് അതിനു പറ്റിയ വാഹനമോ ഉപകരണമോ സംസ്ഥാനത്ത് ഇല്ല. ഉയര്‍ന്ന കെട്ടിടങ്ങളില്‍ തീ അണയ്ക്കാന്‍ കഴിയുന്ന സ്‌കൈ ലിഫ്റ്റ് ഇല്ലാത്ത രാജ്യത്തെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നിലവില്‍ പത്തു മീറ്റര്‍ വരെ വെള്ളം ചീറ്റിക്കാന്‍ സംവിധാനമുള്ള ഫയര്‍ എന്‍ജിനുകളാണു സേനയ്ക്കുള്ളത്. സ്‌കൈ ലിഫ്റ്റിനു 30 മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളം ചീറ്റിക്കാനും തീ അണയ്ക്കാനും കഴിയും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും അതിനു മുന്‍പുള്ള ഇടതു സര്‍ക്കാരിന്റെ കാലത്തും സ്‌കൈ ലിഫ്റ്റ് വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, ഒരു കമ്പനിക്ക് അനുസൃതമായി മാത്രം ടെന്‍ഡര്‍ നിബന്ധനകള്‍ വച്ച് അഴിമതി നടത്താന്‍ നീക്കം നടന്നതോടെ വിവാദമായി.പിന്നീട് ഇടപാടിനു പിന്നിലെ കളികള്‍ വാര്‍ത്തയായി വന്നതോടെ ടെന്‍ഡര്‍ തന്നെ റദ്ദാക്കി.
ഒരു സ്‌കൈ ലിഫ്റ്റിനു നാലു കോടിയോളം രൂപയാണു വില. പിന്നീട് സ്‌കൈ ലിഫ്റ്റ് വാങ്ങാന്‍ സേനയുടെ തലപ്പത്തുള്ളവര്‍ ഒരു നീക്കവും നടത്തിയിട്ടില്ല. ഇന്നു സംസ്ഥാന വ്യാപകമായി ഒട്ടേറെ ബഹുനില ഫ്‌ളാറ്റ് സമുച്ചയങ്ങളാണുള്ളത്. ഇതില്‍ ഉയര്‍ന്ന നിലകളില്‍ തീ പിടിത്തം ഉണ്ടായാല്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുമെന്നു സേനയിലെ ഉന്നതര്‍ തന്നെ സമ്മതിക്കുന്നു. മൂന്നു നിലയ്ക്കു മുകളിലോട്ടു തീ പിടിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനിടെ കഴിഞ്ഞ വര്‍ഷം സേനാ നവീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച 36 കോടി രൂപയില്‍ ആറു കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. പല അഗ്നിശമനവാഹനങ്ങളും പഴക്കം ചെന്നവയായിട്ടും സര്‍ക്കാര്‍ അനുവദിച്ച പണം ഉപയോഗിക്കാതെ പാഴാക്കുകയായിരുന്നു.
സംസ്ഥാന വ്യാപകമായി ഫയര്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഫയര്‍ഫോഴ്‌സ് മേധാവിയോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ആദ്യപടി ഫയര്‍ ഓഡിറ്റിങ്ങ് നടത്തി ഫയര്‍ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളില്‍ നോട്ടിസ് നല്‍കും.
കൂടാതെ ഒരു കെട്ടിടത്തിന് തീപിടിച്ചാല്‍ അവിടെ അഗ്നിശമനസേനാ വിഭാഗത്തിന്റെ വാഹനമെത്തി തീ അണയ്ക്കാനുള്ള സൗകര്യമൊരുക്കാനും ഉടമകളോട് അഗ്നിശമനവിഭാഗം ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."