അന്ത്യപ്രവാചകത്വം (സത്യദൂതർ - ഭാഗം 13)
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വലില്‍ 'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ പതിമൂന്നാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും https://www.youtube.com/watch?v=PTevADTomzM ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
അന്ത്യപ്രവാചകത്വം
ഒന്നേകാൽ ലക്ഷം പ്രവാചകർ ആകെ നിയോഗിതരായിട്ടുണ്ടെന്നും മുഹമ്മദ് നബി(സ) അതിലെ അവസാനിയാണെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു. അന്ത്യപ്രവാചകത്വവും സാർവ്വലൌകിക നബിത്വവും വിശ്വാസികൾ ആരോപിക്കുന്നതല്ല, മറിച്ച് തിരുദൂതർ തന്നെ പ്രഖ്യാപിച്ചതാണ്. ‘അവസാനത്തെ പ്രവാചകനാണ്’ എന്ന പ്രഖ്യാപനം സൂറത്തുൽ അഹ്സാബിലെ 40ആം വചനത്തിലും സ്വഹീഹുൽ ബുഖാരിയിലെ 3534ആം ഹദീസിലും കാണാം. സർവജനങ്ങൾക്കുമുള്ള പ്രവാചകനാണ്’ എന്ന പ്രഖ്യാപനം സൂറത്തുൽ അഅ്റാഫിലെ 158ആം വചനത്തിലും.
മുഹമ്മദ് നബി(സ) അന്ത്യ പ്രവാചകരാണെന്ന് വന്നാൽ ശേഷം വരുന്ന പ്രവാചകത്വ വാദങ്ങളെല്ലാം വ്യാജമാകും. ഇതിനാലാണ് മിർസാഗുലാം അഹ്‌മദ് ഖാദിയാനിയെ യാതൊരു പരിശോധനയും കൂടാതെ മുസ്‌ലിംകൾ തള്ളിക്കളഞ്ഞത്. മുഹമ്മദ് നബിക്ക് മാത്രമായി അല്ലാഹു നൽകിയ സവിശേഷതകളെ വിശകലനം ചെയ്താൽ അവിടത്തെ അന്ത്യപ്രവാചകത്വത്തിന്റെ ഔചിത്യം കൂടുതൽ ബോധ്യപ്പെടും. ചിലതു മാത്രം പരിചയപ്പെടാം.
മുൻ പ്രവാചകരുടെ സുവിശേഷം
മുൻകാല പ്രവാചകരാരും അന്ത്യപ്രവാചകനാണെന്ന് അവകാശപ്പെട്ടതിനു തെളിവില്ല. എന്നുമാത്രല്ല, വരാൻ പോകുന്ന അന്ത്യദൂതരെ കുറിച്ച് തങ്ങളുടെ ജനതക്ക് അവരെല്ലാം സുവിശേഷം അറിയിച്ചിട്ടുമുണ്ട്. തങ്ങളുടെ സമുദായം അന്ത്യദൂതരുടെ കാലത്തെങ്ങാനും ബാക്കിയാകുകയും അവർ അദ്ദേഹത്തെ നിരാകരിക്കുകയും ചെയ്യുന്നത് തടയൽ തന്നെ പ്രധാന ലക്ഷ്യം.
സനദ്
നിവേദക പരമ്പര പരിശോധിച്ച് നിവേദിത വിവരത്തെ വിലയിരുത്തുക എന്ന രീതി മുൻകാല പ്രവാചകർക്ക് ഉണ്ടായിരുന്നില്ല. അവർ ഒരു പ്രത്യേക കാലത്തേക്കും പ്രദേശത്തേക്കും മാത്രം നിയോഗിക്കപ്പെട്ടതായിരുന്നല്ലോ. തന്റെ കാലശേഷം മറ്റൊരു പ്രവാചകൻ വരുമായിരുന്നു. ആ പ്രവാചകൻ തന്റെ സന്ദേശം വികലമാക്കിയവരെ തിരുത്തും. എന്നാൽ അന്ത്യപ്രവാചകർക്ക് ഇങ്ങനെയൊരു സൗകര്യം ഇല്ല. തന്റെ കാലശേഷം സന്ദേശത്തിൽ വക്രത വരാതിരിക്കാൻ അല്ലാഹു സവിശേഷമായി നൽകിയ സംവിധാനമാണ് സനദ് അഥവാ നിവേദക പരമ്പര.
വാക്കോ പ്രവർത്തിയോ സമ്മതമോ ആയ തിരുദൂതരുടെ ഒരു അധ്യാപനം പിൽക്കാലക്കാരാൽ സ്വീകരിക്കപ്പെടണമെങ്കിൽ പുണ്യനബി(സ) പറയുന്നതോ ചെയ്യുന്നതോ അനുവദിക്കുന്നതോ കണ്ടവർ അക്കാര്യം ഉദ്ധരിക്കണം. അവരെ കേട്ടവർ പിൽക്കാലക്കാർക്ക് പറഞ്ഞു കൊടുക്കണം. അങ്ങനെ വാമൊഴിയിൽ കൈമാറ്റം ചെയ്യപ്പെട്ടത് പിന്നീട് രേഖപ്പെടുത്തപ്പെടുന്നത് വരെ വിശ്വാസയോഗ്യമാകണമെങ്കിൽ ഈ കൈമാറ്റ ശൃംഖലയിലെ കണ്ണികൾ വിശ്വാസയോഗ്യരാകണം. ധർമ്മനിഷ്ഠയും ഓർമ്മശക്തിയുമുള്ളവരും ജീവിതത്തിൽ നുണ പറയാത്തവരുമാകണം.
ഭൂമി മുഴുവനും നിസ്കാര യോഗ്യം
അന്ത്യദൂതരുടെ സവിശേഷതകളിൽപ്പെട്ട മറ്റൊന്ന്, ഭൂമി മുഴുവനും തന്റെ സമുദായത്തിന് നിസ്കാരയുഗ്യമാക്കി എന്നതാണ്. നിസ്കാരത്തിനു മുൻപ് അംഗ ശുദ്ധി വരുത്താൻ വെള്ളമില്ലെങ്കിൽ അതേ മൺപൊടി കൊണ്ട് തന്നെ തയമ്മും ചെയ്തും നിസ്കരിക്കാം (സഹീഹ് ബുഖാരി 335). മുൻകാല പ്രവാചകരുടെ സമുദായത്തിന് ആരാധനാലയങ്ങളിൽ മാത്രമേ നിസ്കരിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. കാരണം, അവരെല്ലാം ഒരു ചെറിയ പ്രദേശത്തേക്ക് നിശ്ചിതകാലത്തേക്ക് മാത്രമായി നിയോഗിക്കപ്പെട്ടവരായിരുന്നു. മുഹമ്മദ് നബി(സ)യുടെ നിയോഗമാകട്ടെ സർവ്വ മനുഷ്യരിലേക്കും കാലാന്ത്യം വരെയാണ്. ആരാധനാലയങ്ങളിൽ മാത്രമേ നമസ്കാരം പാടുള്ളൂ എന്നു വരികിൽ നമ്മുടെ യാത്രകളെയും ജീവിത വ്യവഹാരങ്ങളെയും അത് പരിമിതപ്പെടുത്തുമായിരുന്നു.
സന്ദർഭനിയന്ത്രിതമായ പലായനം
മുൻ പ്രവാചകരുടെ സമുദായങ്ങളും പലായനം ചെയ്തിട്ടുണ്ട്. അവരുടെ പലായനം ലക്ഷ്യ കേന്ദ്രീകൃതമായിരുന്നു. യഹൂദരെ സംബന്ധിച്ച് വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയാണ് അവരുടെ പലായനം. എന്നാൽ അന്ത്യപ്രവാചകരുടെ സമുദായത്തിന് അങ്ങനെ ലക്ഷ്യ കേന്ദ്രീകൃതമായ പലായനം പ്രായോഗികമാവില്ല. ലോകത്തെ മുഴുവൻ മുസ്‌ലിംകളും മദീനയിലേക്ക് പലായനം ചെയ്യണമെന്ന് നിർബന്ധമേയില്ല. ഇങ്ങനെ മുഴുവൻ മുസ്‌ലിംകളെയും ഉൾകൊള്ളാൻ മാത്രം മദീന വിശാലവുമllല്ല. മറിച്ച് അന്ത്യപ്രവാചകരുടെ സമുദായത്തിനുള്ള പലായനം സന്ദർഭ കേന്ദ്രീകൃതമാണ്. വിശ്വാസവും അനുഷ്ഠാനവും നിലനിർത്തി ജീവിക്കാൻ ഭരണകൂടം സമ്മതിക്കാതിരുന്നാൽ മാത്രമാണ് പലായനം പ്രാബല്യത്തിൽ വരുക. അതും, നിലവിലെ അനീതിയുടെ ഭരണകൂടത്തെ താഴെയിറക്കി നീതിയുക്തമായ ബദൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നേട്ടങ്ങളെക്കാളേറെ നഷ്ടങ്ങൾ സമ്മാനിക്കുമെന്ന് നേതൃത്വത്തിന് ബോധ്യമായാൽ മാത്രം.
വംശാധീത സാഹോദര്യം
ഇതര പ്രവാചകർ നിയുക്തരായത് ഏതെങ്കിലും വർഗ്ഗത്തിലേക്ക് മാത്രമായിരുന്നു എന്ന് അനുമാനിക്കാനും അനേകം തെളിവുകൾ ഉണ്ട്. ബനനൂ ഇസ്രാഈല്യരിലേക്ക് മാത്രമായി അനേകം പ്രവാചകർ വന്നിട്ടുണ്ടല്ലോ. എന്നാൽ അന്ത്യപ്രവാചകരുടെ നിയോഗം ഏതെങ്കിലും ഗോത്രത്തിന് മാത്രമാകാൻ പാടില്ലല്ലോ. ഇക്കാര്യം അവിടുന്ന് പ്രഖ്യാപിക്കുകയും ജീവിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു. മനുഷ്യരെല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്നും അവരെ വ്യത്യസ്ത ഗോത്രങ്ങളും കുടുംബങ്ങളും ആക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്നും അല്ലാഹുവിങ്കൽ ഉത്തമർ നിങ്ങളിലെ സൂക്ഷ്മാലുക്കൾ ആണെന്നും ഖുർആനിൽ( സൂറത്തുൽ ഹുജുറാത്ത് 10 ) കാണാം. അറബിക്ക് അനറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ അല്ലാഹുവിങ്കൽ സ്ഥാനമില്ലെന്ന് ഹദീസിലും വന്നിട്ടുണ്ട്. അങ്ങനെ എത്യോപ്യക്കാരനായ ബിലാലും റോമാക്കാരനായ സുഹൈബും പേർഷ്യക്കാരനായ സൽമാനും വിശ്വാസി കുടുംബത്തിലെ അംഗങ്ങളായി. അവരുടെ വംശപരമായ സ്വത്വത്തെ നിലനിർത്തുമ്പോഴും ഒന്ന് മറ്റൊന്നിനേക്കാൾ മെച്ഛമെന്ന് ഗോത്ര ചിന്തയെ ഇല്ലാതാക്കുകയും ചെയ്തു.
ഖുർആൻറെ സംരക്ഷണം
ഇതര വേദങ്ങളുടെ സംരക്ഷണം അതതു ജനതയെ അല്ലാഹു ഏൽപ്പിച്ചു. വേദഗ്രന്ഥങ്ങളിൽ മാറ്റത്തിരുത്തലുകൾ വരുത്തരുതെന്നതായിരുന്നു അവരോടുള്ള കൽപ്പന. അവർ തന്നിഷ്ടപ്രകാരം വല്ല മാറ്റവും വരുത്തിയാൽ മറ്റൊരു പ്രവാചകനെ നിയോഗിച്ചു ശരിപ്പെടുത്താനും സാധിക്കും. എന്നാൽ അന്ത്യപ്രവാചകന്റെ കാര്യത്തിൽ ഈ സാധ്യത അസാധ്യമാണല്ലോ. അതിനാൽ മുൻ വേദങ്ങളെ അപേക്ഷിച്ച് വിശുദ്ധ ഖുർആനിന്റെ സംരക്ഷണം അല്ലാഹു നേരിട്ട് ഏറ്റെടുത്തു. ഈ പ്രഖ്യാപനം ഖുർആനിൽ കാണാം (സൂറത്തുൽ ഹിജ്‌ർ: 9)
ഈ ഭാഗത്തിൻറെ വിഡിയോ കാണുന്നതിന് :
The 'Satyadootar' series, shared via video and articles, delves into the prophethood of Muhammad (PBUH) as the final prophet, his special attributes, and the unique aspects of his mission. Winners of the concluding quiz will receive cash rewards. Muslims believe Prophet Muhammad is the final messenger. His universal prophethood and unique qualities, including the preservation of the Quran, set him apart from previous prophets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."