ദുബൈയിൽ പ്രധാന റൂട്ടുകളിലെ രണ്ട് പുതിയ പാലങ്ങൾ തുറന്നു
ദുബൈ: ഗതാഗതക്കുരുക്ക് രൂക്ഷമായ ദുബൈ മറീനയുടെ തെക്ക് ഭാഗത്തെ ഖറൻ അൽ സബ്ഖ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷനിൽ യാത്രാ സമയം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദുബൈയിൽ ഞായറാഴ്ച രണ്ട് പ്രധാന പാലങ്ങൾ തുറന്നു. ആദ്യ പാലത്തിന് മണിക്കൂറിൽ 3,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. രണ്ടാമത്തേതിന് 664 മീറ്റർ നീളമുണ്ട്. രണ്ടിലുമായി മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് ശേഷിയുണ്ട്.
ഖറൻ അൽ സബ്ഖ സ്ട്രീറ്റിനെ അൽ അസായീൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാലം അടുത്ത മാസം തുറക്കുന്നതോടെയാണ് പദ്ധതി പൂർത്തിയാവുക. മണിക്കൂറിൽ 8,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ ക്രോസിങ് രൂപകൽപന ചെയ്തിരിക്കുന്നത്.
പദ്ധതി പൂർത്തിയാകുമ്പോൾ, ഖറൻ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഖിസൈസ്, ദേര ദിശകളിലെ ദൂരവും യാത്രാ സമയവും 40 ശതമാനം കുറയും.
തിരക്കേറിയ സമയങ്ങളിൽ 20 മിനുട്ടിൽ നിന്ന് 12 മിനുട്ടായി കുറയുമെന്നും ആർ.ടി.എ എക്സിക്യൂട്ടിവ് ചെയർമാനും ഡയരക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി പോർട്ട് ദിശയിൽ വലത്തോട്ട് അൽ യലായിസ് സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയുകയും ചെയ്യും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായുള്ള സർവിസ് റോഡിലെ ഉപരിതല കവലകൾ, തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ, സ്റ്റോം ഡ്രെയിൻ ശൃംഖലകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമെ മറ്റു ചില ഗതാഗത മെച്ചപ്പെടുത്തലുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."