സ്പാര്‍ക്കിലെ അവ്യക്തത; ഹയര്‍സെക്കന്‍ഡറി താല്‍കാലിക അധ്യാപകരുടെ വേതനം മുടങ്ങും
നീലേശ്വരം: സ്പാര്‍ക്കിലെ അവ്യക്തത മൂലം സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറിയിലെ ഒരു വിഭാഗം താല്‍കാലിക അധ്യാപകരുടെ വേതനം ഈ മാസം മുടങ്ങും.
ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള സ്‌കൂളുകളിലെയും രണ്ടു സ്‌കൂളുകളിലായി ജോലി ചെയ്യുന്ന ജൂനിയര്‍ അധ്യാപകരുടെയും വേതനമാണ് മുടങ്ങുക ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി കരാര്‍ ജീവനക്കാരുടെയും ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരുടെയും വേതനം ഓഗസ്റ്റ് മാസം മുതല്‍ സ്പാര്‍ക്കില്‍ തയാറാക്കാന്‍ സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പ്രധാനാധ്യാപകര്‍ക്കു ചാര്‍ജുള്ള സ്‌കൂളുകളിലെ താല്‍കാലികാധ്യാപകരുടെ ബില്ലുകള്‍ സ്പാര്‍ക്കില്‍ തയാറാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പ്രധാനാധ്യാപികയുടെ പെന്‍ നമ്പര്‍ ഉപയോഗിച്ച് സ്പാര്‍ക്ക് തുറന്ന് അധ്യാപകരുടെ വിവരങ്ങള്‍ ചേര്‍ക്കുകയാണു വേണ്ടത്. പക്ഷേ പ്രധാനാധ്യാപകരുടെ പെന്‍ നമ്പര്‍ ഉപയോഗിച്ച് തുറക്കുന്ന സ്പാര്‍ക്കില്‍ പൊതുവിദ്യാഭ്യാസ വിഭാഗത്തിലെ ജീവനക്കാരുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ സ്പാര്‍ക്കില്‍ ഇത്തരം അധ്യാപകരുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
രണ്ടു സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ അധ്യാപരുടെ ബില്ലുകള്‍ ഒരു സ്‌കൂളില്‍ മാത്രമേ തയ്യാറാക്കാന്‍ കഴിയുന്നുള്ളൂ. ആധാര്‍ നമ്പര്‍ ലിങ്കു ചെയ്യുന്നതു കൊണ്ടാണ് ഈ തടസം നേരിടുന്നത്. ജില്ലാ ട്രഷറികളില്‍ ബന്ധപ്പെട്ടവരോട് സ്പാര്‍ക്കില്‍ അതിനാവശ്യമായ ഓപ്ഷനില്ലാത്തതാണു പ്രതിസന്ധിക്കു കാരണമെന്നും സ്പാര്‍ക്ക് വിഭാഗവുമായി ബന്ധപ്പെടാനുമാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ സ്പാര്‍ക്കിന്റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്കു വിളിക്കുമ്പോള്‍ ഫോണ്‍ റിങ്ങു ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇതോടെ ഒരു പറ്റം താല്‍കാലികാധ്യാപകരുടെ ഓണം വെള്ളത്തിലാകുന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."