അധ്യാപക - വിദ്യാര്‍ഥി അനുപാതം: സര്‍ക്കാര്‍ അപ്പീല്‍ തള്ളി
കൊച്ചി: സ്‌കൂളുകളിലെ അധ്യാപക - വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തില്‍ നിശ്ചയിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്.
നേരത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന അദ്ധ്യാപക പാക്കേജിലെ അദ്ധ്യാപക - വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കണമെന്ന വ്യവസ്ഥ സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. മാത്രമല്ല, ക്ലാസ് അടിസ്ഥാനത്തില്‍ അനുപാതം കണക്കാക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരുടെ എണ്ണം നിശ്ചയിക്കേണ്ടതെന്ന വാദം ഉന്നയിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അദ്ധ്യാപകര്‍ എന്ന കണക്കു പാലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്.
കുട്ടികളുടെ എണ്ണം 61 മുതല്‍ 90 വരെയായാല്‍ അദ്ധ്യാപകരുടെ എണ്ണം മൂന്നാക്കാമെന്നും വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായി സ്‌കൂള്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരുടെ എണ്ണം കണക്കാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നിയമവിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാല്‍ അതിലൊരപകടം ഒളിഞ്ഞിരിപ്പുണ്ട്. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലായി 90 കുട്ടികള്‍ മൊത്തമുള്ള ഒരു സ്‌കൂള്‍ മൂന്ന് അദ്ധ്യാപകരെ വച്ച് നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിയും. ഇങ്ങനെ സംഭവിച്ചാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുകയെന്ന കേന്ദ്ര നിയമത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടും - ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."