പൊതുമാപ്പിന് മികച്ച പ്രതികരണം; ഗുണഭോക്താക്കളായി ആയിരങ്ങൾ- ഐ.സി.പി ഡയരക്ടർ ജനറൽ അവീർ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു
ദുബൈ: യു.എ.ഇ സർക്കാർ നടപ്പാക്കി വരുന്ന പൊതുമാപ്പ് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇതിനകം പ്രയോജനപ്പെടുത്തിയത് ആയിരങ്ങളെന്നു വിവരം. അൽ അവീറിലെ വിസാ വയലേറ്റെഴ്സ് സെറ്റിൽമെന്റ് സെന്ററിൽ (പൊതുമാപ്പ് കേന്ദ്രം) തങ്ങളുടെ താമസം നിയമ വിധേയമാക്കാനും പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങാനും കഴിയുന്നതിന്റെ സംതൃപ്തിയിലാണ് ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാർ.
സേവനങ്ങളുടെ മൂന്നാഴ്ച പിന്നിടുമ്പോൾ പലയിടത്തും ഉയർന്ന ശതമാനത്തിലാണ് വിസാ നിയമ ലംഘകർ തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ എത്തുന്നത്. എന്നാൽ, ഇതിനകം എത്ര പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി എന്നതിന്റെ വ്യക്തമായ കണക്ക് ഇനിയും വരാനിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകൾ രാജ്യത്തെ ഇത്തരം പൊതുമാപ്പ് കേന്ദ്രങ്ങളിലും അനുബന്ധ സർവിസ് സെന്ററുകളിലും എത്തിക്കൊണ്ടിരിക്കുന്നുണ്ട്. സേവന സജ്ജരായി ഉദ്യോഗസ്ഥരും ഇന്ത്യയുടേതടക്കം വിവിധ കോൺസുലേറ്റുകളുടെ ഫെസിലിറ്റേഷൻ കൗണ്ടറുകളും തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപന ഡെസ്കുകളും പ്രവർത്തിച്ചു വരുന്നു.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും പൊതുമാപ്പ് ഹെല്പ് ഡെസ്‌കുണ്ട്. സന്നദ്ധ സംഘടനകളും സേവന പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
ഏറെക്കാലമായി കുടുങ്ങിക്കിടക്കുന്നവർക്ക് പൊതുമാപ്പ് മികച്ച അവസരമാണ്. ഇത് മനസ്സിലാക്കിയാണ് യു.എ.ഇ സർക്കാർ പല അവസരങ്ങളിലായി ഇങ്ങനെയൊരു മനുഷ്യ കാരുണ്യ സംരംഭം ഏർപ്പെടുത്തി വരുന്നത്. 'സുരക്ഷിതമായ ഒരു സമൂഹത്തിലേക്ക്' എന്ന പേരിൽ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിച്ച പൊതുമാപ്പ് കാംപയിനിനു ഇത്തവണയും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് അധികൃതർ പറഞ്ഞു. യു.എ.ഇയിൽ അവസാനമായി പൊതുമാപ്പ് ഏർപ്പെടുത്തിയത് 2018ലായിരുന്നു.
അതിനിടെ, അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനം വിലയിരുത്താൻ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ഡയരക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖലീൽ അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെത്തി. ഇവിടെ സന്ദർശനത്തിനെത്തിയ അദ്ദേഹത്തെ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ ഡെപ്യൂട്ടി ഡയരക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും വിസാ വയലെറ്റേഴ്സ് ഫോളോ അപ്പ് സെക്ഷൻ അസിസ്റ്റന്റ് ഡയരക്ടർ മേജർ ജനറൽ സലാഹ് അൽ ഖംസിയും ചേർന്ന് സ്വീകരിച്ചു.
പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് ജി.ഡി.ആർ.എഫ്.എ ദുബൈക്ക് മേജർ ജനറൽ സുഹൈൽ നന്ദി അറിയിച്ചു.
അവസാനം വരെ കാത്തു നിൽക്കാതെ പൊതുമാപ്പിന്റെ പ്രയോജനം ഏറ്റവും വേഗത്തിൽ തന്നെ ആവശ്യക്കാർ ഉപയോഗപ്പെടുത്തണമെന്ന് ഗുണഭോക്താക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
The UAE government's ongoing amnesty program has entered its third week, with thousands already benefiting. At the Al Aweer Visa Violators Settlement Centre, individuals from various countries, including Indians, have expressed satisfaction with the opportunity to legalize their stay or return home without penalties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."