ശരീരഭാരം കുറയ്ക്കണോ? എങ്കില്‍ ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചോളൂ
തടികൂടുന്നു എന്നു പരാതി പറയുന്നവരെയും അതിന്റെ പേരില്‍ ജിമ്മില്‍പോവുകയും ഭക്ഷണം കഴിക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെല്ലാം കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭക്ഷണക്രമം, വ്യായാമം, ദിനചര്യ എന്നിവയിലാണ്. എന്നാല്‍ ഈ കഴിക്കുന്ന ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഇത് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്... നോക്കാം.
ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവയ്ക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. ഭക്ഷണം നന്നായി ചവച്ചരയ്ക്കുമ്പോള്‍, അത് ചെറിയ കണങ്ങളായി വിഘടിക്കുകയും ഇത് നമ്മുടെ ദഹന എന്‍സൈമുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നതാണ്. കലോറി ഉപഭോഗം നിയന്ത്രിക്കാനും ചവയ്ക്കുന്നത് സഹായിക്കുന്നു. ഭക്ഷണം സാവധാനം ചവയ്ക്കുന്നതിന്റെ പ്രധാന നേട്ടം അത് നമ്മുടെ തലച്ചോറിന് വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കുന്നു എന്നതാണ്. ഇത് ഭക്ഷണം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിനും പ്രധാനമാണ്.
അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ കഴിയുന്നതാണ്. വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവയ്ക്കാന്‍ കഴിയില്ല. വേഗം വേഗം വിഴുങ്ങിയിടുമ്പോള്‍ കഷണങ്ങളായോ മുഴുവനുമായോ അതങ്ങനെ കിടക്കും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയും നമ്മള്‍ അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ ശരീരഭാരവും കൂടുന്നു.
ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 40 തവണ ഭക്ഷണം ചവച്ച ആളുകള്‍ 15 തവണ മാത്രം ചവച്ചവരേക്കാള്‍ 12 ശതമാനം കുറവ് ഭക്ഷണം കഴിച്ചതായി കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നത് സാവധാനത്തിലാക്കുകയും നന്നായി ചവയ്ക്കുകയും ചെയ്യുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഭാരം നിയന്ത്രിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നതാണ്.
ചവയ്ച്ചു കഴിക്കുമ്പോള്‍ ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല, മെറ്റബോളിസത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.ഒരാള്‍ എത്ര തവണ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കണം. ഏകദേശം 30 മുതല്‍ 40 തവണ വരെ ചവയ്ക്കണമെന്നാണ് പൊതുവായ ഒരു ശുപാര്‍ശ. ഈ ശ്രേണി ഭക്ഷണത്തെ മതിയായ ചെറിയ കണങ്ങളായി വിഭജിക്കാന്‍ അനുവദിക്കും.
അതിനാല്‍ ദഹനം എളുപ്പമാക്കുകയും പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. മൃദുവായ ഭക്ഷണമാണെങ്കില്‍ കുറച്ച് നേരം ചവച്ചാല്‍ മതിയാകും. അതേസമയം മാംസം പോലുള്ള കഠിനമായതോ നാരുകളുള്ളതോ ആയ ഭക്ഷണങ്ങള്‍ക്ക് 30-40 തവണ വരെ ചവയ്‌ക്കേണ്ടി വന്നേക്കാം. വിഴുങ്ങുന്നതിന് മുമ്പ് ഭക്ഷണം നിങ്ങളുടെ വായില്‍ ഏതാണ്ട് ദ്രാവകമാകുന്നതുവരെ ചവച്ചരയ്ക്കുക എന്നതുതന്നെയാണ് പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."