ആസ്‌ത്രേലിയന്‍ ഇതിഹാസം ജെഫ് തോംസണ്‍ എന്ന 'തോമ്മോ' കൃഷ്ണഗിരിയിലെത്തുന്നു
കൃഷ്ണഗിരി: ലോകം കണ്ട മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ആസ്‌ത്രേലിയന്‍ ഇതിഹാസം ജെഫ് തോംസണ്‍ എന്ന 'തോമ്മോ' കൃഷ്ണഗിരിയിലെത്തുന്നു, കേരളത്തിന്റെ യുവ ബൗളര്‍മാരെ രാകിമിനുക്കി മൂര്‍ച്ച കൂട്ടാന്‍. ഇന്നുമുതല്‍ 17 വരെയാണ് ജെഫ് കുട്ടികള്‍ക്ക് ബൗളിങ്ങിന്റെ വജ്രായുധങ്ങള്‍ പകര്‍ന്ന് നല്‍കുക. 1972 മുതല്‍ 1985 വരെ ക്രിക്കറ്റ് പിച്ചുകളില്‍ ഡെന്നിസ് ലില്ലിക്കൊപ്പം തീപാറുന്ന പന്തുകളുമായി ബാറ്റ്‌സ്മാന്‍മാര്‍ക്ക് പേടി സ്വപ്നമായ ജെഫിന്റെ കീഴിലെ പരിശീലനം എന്തുകൊണ്ടും ക്രിക്കറ്റിലെ ഭാവി തലമുറക്ക് മുതല്‍ക്കൂട്ടാവും. പേസര്‍മാര്‍ക്ക് ക്ഷാമം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ കേരളത്തില്‍ നിന്നുള്ള താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ജെഫിന്റെ ക്യാംപ് കൊണ്ടുള്ള ലക്ഷ്യം. ഐ.ഡി.ബി.ഐ ഫെഡറല്‍ ബൗളിങ് ഫെഡറേഷന്‍, എക്‌സലന്റ് ക്രിക്കറ്റ് ഗ്രൂപ്പ്, കെ.സി.എ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
കേരളത്തെ കൂടാതെ ബംഗളുരു, മുംബൈ, ബംഗാള്‍ എന്നീ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കാണ് ഇത്തരത്തില്‍ ക്യാംപ് ഒരുക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്. രഞ്ജി, അണ്ടര്‍ 19, 23, 25 ടീമുകളിലെ മികച്ച ബൗളര്‍മാരെയാണ് ക്യാംപില്‍ പങ്കെടുപ്പിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള താരങ്ങളും ക്യാംപില്‍ പങ്കെടുക്കും. 120 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന കുട്ടികളെയാണ് ക്യാംപിലേക്ക് തെരഞ്ഞെടുത്തത്. 30 പേസ് ബൗളര്‍മാരും 30 സ്പിന്‍ ബൗളര്‍മാരുമാണ് ക്യാംപില്‍ ഉണ്ടാവുക. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 40 താരങ്ങള്‍ക്കായിരിക്കും 17 ദിവസത്തെ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം. വീഡിയോ അനലിസ്റ്റ് അടക്കമുള്ള സൗകര്യങ്ങളാണ് ഇതിനായി കൃഷ്ണഗിരിയില്‍ ഒരുക്കിയിരിക്കുന്നത്.
കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു മുന്‍കൈയെടുത്താണ് ക്യാംപ് കൃഷ്ണഗിരിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."