സഞ്ചാരികളേ, നിങ്ങള്‍ക്ക് ഒരു പകല്‍ മാറ്റിവയ്ക്കാന്‍ സമയമുണ്ടോ ...? ആനവണ്ടിയില്‍ ആനക്കാട്ടിലൂടെ കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സഫാരിയുണ്ട്
പോക്കറ്റ് കാലിയാവാതെ ആനക്കാട്ടിലൂടെ ആനവണ്ടിയില്‍ ഒരു യാത്ര പോവാം പ്രിയരേ... കാട് കണ്ടും വെള്ളച്ചാട്ടങ്ങള്‍ കണ്ടും അണക്കെട്ടും തൂക്കുപാലവും ആനകള്‍ വിഹരിക്കുന്ന കാട്ടിലൂടെ അടിച്ചുപൊളിച്ചങ്ങനെയൊരു യാത്ര. കേരളത്തിലെ ഫോറസ്റ്റ് റൂട്ടുകളിലൊന്നിലൂടെയുള്ള ഈ യാത്രയ്ക്ക് ഒരു പകല്‍മാത്രം മാറ്റിവച്ചാല്‍ മതി നിങ്ങള്‍. പാലാ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലാണ് ഈ യാത്ര ഒരുക്കുന്നത്. അതിമനോഹരമായ ഒരു ട്രിപ്പായിരിക്കുമിതെന്ന് യാതൊരു സംശയവും വേണ്ട.
ആനവണ്ടിയില്‍ ആനക്കാട്ടിലൂടെ കാനന യാത്ര, അല്ല, കാനനവിനോദ യാത്രാ, യാത്രാപ്രേമികള്‍ക്ക് പറ്റിയ പാക്കേജുകളിലൊന്നാണ്. രാവിലെ പാലാ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന ഈ ഏകദിന ജംഗിള്‍ സഫാരി ഇടുക്കിയിലെയും എറണാകുളത്തെയും ഏറ്റവും മികച്ച ഓഫ്‌റൂട്ട് കാഴ്ചകളാണ് യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുക. കുറഞ്ഞ ചെലവിലുള്ള ഈ കാനനയാത്രകള്‍ പാലാക്കാരുടെ അവധിക്കാല യാത്രാലിസ്റ്റില്‍ ഇടം നേടിയിട്ട് കുറച്ചുനാളുകളായി.
ഇഞ്ചത്തൊട്ടി തൂക്കുപാലം കയറി പാലായില്‍ നിന്ന് ആരംഭിക്കുന്ന ഈ യാത്രയില്‍ ആദ്യം പോകുന്ന ഇടങ്ങളിലൊന്ന് തൂക്കുപാലം തന്നെയാണ്. കേരളത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നായ ഇത് എറണാകുളം കോതമംഗലത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പെരിയാറിന് കുറുകെയായി നീണ്ടു കിടക്കുന്ന പാലം ചാരുപ്പാറയില്‍ നിന്നു കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ ആണ് ബന്ധിപ്പിക്കുന്നത്. 185 മീറ്റര്‍ നീളവും 4 അടി വീതിയുമുള്ള ഈ പാലം സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ച സമ്മാനിക്കുന്നതാണ്.
വിശ്വാസവും ചരിത്രവും ഒത്തിരിയുള്ള കോതമംഗലം ഭൂതത്താന്‍ അണക്കെട്ടും സന്ദര്‍ശിക്കാം ഈ യാത്രയില്‍. ഭൂതങ്ങള്‍ നിര്‍മ്മിച്ചതാണ് എന്ന് വിശ്വസത്തില്‍ നിന്നാണ് ഈ അണക്കെട്ടിന് ഭൂതത്താന്‍ കോട്ട എന്ന പേര് ലഭിച്ചത്. യാത്രയുടെ ഭാഗമായി ഇവിടെ പെരിയാറിലൂടെ ബോട്ടിങ്ങ് ആണ് ഒരുക്കിയിരിക്കുന്നത്.
ഭൂതത്താന്‍കെട്ടില്‍ നിന്ന് മാമലക്കണ്ടത്തേയ്ക്കാണ് പിന്നെയുള്ള യാത്ര. കേരളത്തിലെ സഞ്ചാരികള്‍ക്ക് ഒരാമുഖം ആവശ്യമില്ലാത്ത ഇടമാണ് മാമലക്കണ്ടം. കാടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മാമലക്കണ്ടം എറണാകുളം ജില്ലയുടെ ഭാഗമാണെന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. വെള്ളച്ചാട്ടവും പുഴകളുമെല്ലാമായി ഒത്തിരി കാഴ്ചകള്‍ ഇവിടെയുണ്ട്. കോതമംഗലത്തുനിന്നു തട്ടേക്കാട്, കുട്ടമ്പുഴ, ഉരുളന്തണ്ണി വഴി മാമലക്കണ്ടത്ത് എത്താവുന്നതാണ്. കാടിനു നടുവിലുള്ള ഈ ഗ്രാമത്തില്‍ ആനകളെ കാണുന്നത് പുതിയ സംഭവമേയല്ല.
മാമലക്കണ്ടത്തു നിന്നും നേരെ പോയാല്‍ മാങ്കുളത്തെത്താം. വെള്ളച്ചാട്ടങ്ങളും മഞ്ഞും പാറക്കെട്ടുകളും ഒക്കെയുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്. ഒപ്പം കൃഷിയിടങ്ങളും കൂടിയാകുമ്പോള്‍ കാഴ്ച അതിമനോഹരം. മൂന്നാറിനോട് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും തന്നെയാണ് ഇവിടെയെങ്കിലും അത്രപ്രശസ്തമല്ല മാങ്കുളം. പൊതുവേ തിരക്ക് കുറഞ്ഞ പ്രദേശമാണിത്. ഇവിടെ ആനക്കുളം കാണാം.
ആനകള്‍ നീരാടാനും ദാഹം തീര്‍ക്കാനും എത്തുന്ന ആനക്കുളമാണ് യാത്രയിലെ ഒരാകര്‍ഷണം. മാങ്കുളത്തിന് സമീപമാണ് ആനക്കുളമുള്ളത്. മാങ്കുളം ഫോറസ്റ്റ് ഡിവിഷന്റെയും മലയാറ്റൂര്‍ വനമേഖലയുടെയും അതിര്‍ത്തിയിലുള്ള ഇടമാണിത്. മിക്കപ്പോഴും ഉച്ചകഴിഞ്ഞാണ് ആനകള്‍ വെള്ളം കുടിക്കാനായി എത്തുക. വേനല്‍ക്കാലത്താണ് ഇവര്‍ കൂടുതലും വരുന്നത്. മാങ്കുളത്ത് നിന്ന് നേരെ ലച്മി എസ്റ്റേറ്റ് വഴിയാണ് ഇനി അടുത്ത യാത്ര.
തേയിലത്തോട്ടങ്ങള്‍ കണ്ട്, ഓഫ്‌റോഡ് സാഹസികാനുഭവം നല്‍കുന്ന റൂട്ടും അതിലെ കാഴ്ചകളും ഒക്കെ ചേര്‍ന്ന് ആവേശമുണര്‍ത്തുന്ന യാത്രയാണിത്. വെള്ളച്ചാട്ടങ്ങള്‍, അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍, മനോഹരമായ ആകാശം, പ്രകൃതിയുടെ കളര്‍ തോട്ടങ്ങള്‍ എന്നിങ്ങനെ ഒരുപാട് കാഴ്ചകള്‍ ഇവിടെ കാണാനുണ്ട്. തിരിച്ചു പാലായിലേക്ക് രാത്രിയോടെ തന്നെ മടങ്ങിയെത്താം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഈ
ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക- 8921531106, 04822 212250.
Take a delightful journey through the forests on an elephant cart, enjoying views of waterfalls, dams, and the wilderness where elephants roam. This trip, organized by the Pala KSRTC Budget Tourism Cell, requires just a day to experience the beautiful forest routes of Kerala, promising to be an unforgettable adventure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."