തുറന്ന പോരിന് മുഖ്യമന്ത്രി; അൻവർ ഒറ്റപ്പെടുന്നു, ഇടതു മുന്നണിയിൽ ആശയക്കുഴപ്പം
തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ അന്‍വര്‍ ആരോപണം തുടര്‍ന്നാല്‍ താനും ആ നിലയ്ക്ക് പ്രതികരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ തുറന്ന പോരിന് മുഖ്യമന്ത്രി കാഹളം മുഴക്കിയതോടെ കളമൊരുങ്ങിയത് അസാധാരണ രാഷ്ട്രീയപ്പോരിന്. മുഖ്യമന്ത്രി ഇടത് എം.എല്‍.എക്കെതിരേ പരസ്യമായി കൊമ്പുകോര്‍ക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ചും ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും മുഖ്യമന്ത്രി ഇന്നലെ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ വൈകീട്ട് പി.വി അന്‍വര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ഇടതു മുന്നണിയെ കലുഷിതമാക്കുംവിധത്തിലുള്ള വിവാദങ്ങള്‍ തുടരുമെന്ന് ഉറപ്പായി. സമവായ സാധ്യത ഉടനില്ലെന്ന സൂചനയാണ് ഇന്നലെ അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
പി.വി അന്‍വറിനു പുറമേ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച സി.പി.ഐയുടെ നിലപാട് ഇനി എന്തായിരിക്കുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. തന്റെ ദൂതനായല്ല അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കൂടിക്കാഴ്ച രാഷ്ട്രീയപരമാണെന്ന സി.പി.ഐയുടെയും ആര്‍.ജെ.ഡിയുടെയും വാദം പൂര്‍ണമായി തള്ളി. ആരെങ്കിലും ആരോപണം ഉന്നയിച്ചുവെന്നതിന്റെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്ന ഉറച്ച മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ സാഹചര്യത്തില്‍
സി.പി.ഐ ദേശീയ നേതൃത്വം ഉള്‍പ്പെടെ എന്തു സമീപനം സ്വീകരിക്കുമെന്നതും നിര്‍ണായകമാകും. ആര്‍.എസ്.എസ് നേതാക്കളെ ഊഴമിട്ടു കണ്ട എ.ഡി.ജി.പിയെ മാറ്റണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമാണെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ എ.ഡി.ജി.പിയെ മാറ്റുകയാണ് വേണ്ടതെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവും ഇന്നലെ വ്യക്തമാക്കി. ഇതിനെ പിന്തുണച്ച് ആര്‍.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജും രംഗത്തെത്തി. ഇതോടെ എ.ഡി.ജി.പി വിഷയത്തില്‍ മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിക്കുമെന്ന പ്രതീക്ഷയായിരുന്നു ഘടകകക്ഷികള്‍ക്കുണ്ടായിരുന്നത്.
എന്നാല്‍ ഇത് പൂര്‍ണമായും നിരാകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ചു മാസമായി നീളുന്നതു സംബന്ധിച്ചും വളരെ ലാഘവത്തോടെയുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സി.പി.ഐ നേതൃത്വത്തെ അതൃപ്തിയിലാക്കിയ തൃശൂര്‍ പൂരം വിവാദത്തിലും മുഖ്യമന്ത്രി എ.ഡി.ജി.പിക്കൊപ്പം നിന്നത് വരുംദിവസങ്ങളില്‍ ഇടതു മുന്നണിയിലെ ഭിന്നത രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.
Tensions rise in Kerala as Chief Minister openly confronts CPI leader PV Anwar amid allegations signaling deepening rifts within the Left coalition and uncertaitny for future alliances
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."