അട്ടിമറിക്കാന്‍ കണ്ണുവച്ച് കാന്‍ഗാന്‍, തെരഞ്ഞെടുപ്പില്‍ പുതിയ താരമായി ഇല്‍തിജ
ശ്രീനഗറില്‍നിന്ന് കെ.എ സലിം
തലസ്ഥാന നഗരമായ ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കാന്‍ഗാനിലേക്ക് ഇല്‍തിജ മുഫ്തിയെത്തുമ്പോള്‍ ഉച്ചവെയിലിലെ കനത്ത ചൂടിലും നൂറുകണക്കിന് അനുയായികള്‍ തെരുവില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ട്രാക്ടറുകളിലും ബൈക്കുകളിലും കാറുകളിലുമായി പി.ഡി.പിയുടെ പച്ചപ്പതാക വീശി അനുഗമിച്ച് നൂറുകണക്കിന് അനുയായികള്‍ വേറെയും. നഗരത്തിലെത്തിയപ്പോള്‍ വെളുത്തകാറിന്റെ മേല്‍ക്കൂര തുറന്ന് നിന്ന് ഇല്‍തിജ മുദ്രാവാക്യം വിളിച്ചു. ഇത്തവണ വിജയം നമ്മുടെതാണ്. അനുയായികള്‍ അതേറ്റു വിളിച്ചു. നിങ്ങള്‍ എനിക്കൊപ്പമുണ്ടാകില്ലേയെന്ന് ആള്‍ക്കൂട്ടത്തോട് ഇല്‍തിജയുടെ ചോദ്യം. ഉണ്ടാകുമെന്ന് ആര്‍പ്പുവിളികളോടെയുള്ള ആള്‍ക്കൂട്ടത്തിന്റെ മറുപടി.
കാന്‍ഗാനിലെ പി.ഡി.പി സ്ഥാനാര്‍ഥി സയ്യിദ് ജമാഅത്ത് അലി ഷഹീന്‍ മറ്റൊരു തുറന്ന കാറില്‍ ഒപ്പമുണ്ടെങ്കിലും ഇല്‍തിജയിലാണ് ആള്‍ക്കൂട്ടത്തിന്റെ കണ്ണുകള്‍. കശ്മിര്‍ രാഷ്ട്രീയത്തിലെ പുതിയ താരോദയമാണ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. ഇല്‍തിജയാണ് പി.ഡി.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. 370ാം വകുപ്പ് പിന്‍വലിച്ച ശേഷം എല്ലാവരും മാസങ്ങളോളം വീട്ടുതടങ്കലിലാക്കപ്പെട്ട കാലത്ത് കശ്മിരിന്റെ ശബ്ദമായിരുന്നു ഇല്‍തിജ. അക്കാലത്ത് ദക്ഷിണേന്ത്യയിലായിരുന്നതിനാല്‍ ഇല്‍തിജ അറസ്റ്റ് ചെയ്യപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഇല്‍തിജയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് കശ്മിരിലെന്ത് നടക്കുന്നുവെന്ന് ലോകമറിഞ്ഞത്. വൈകാതെ ഇല്‍തിജ പി.ഡി.പി രാഷ്ട്രീയത്തിന്റെ ഭാഗവും കശ്മിര്‍ രാഷ്ട്രീയത്തിലെ പുത്തന്‍ താരവുമായി.
25ന് നടക്കുന്ന അടുത്തഘട്ട തെരഞ്ഞെടുപ്പില്‍ പി.ഡി.പി അട്ടിമറി പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാന്‍ഗാന്‍. നാഷനല്‍ കോണ്‍ഫറന്‍സിന്റെ കുത്തകയെന്നറിയപ്പെടുന്ന കാന്‍ഗാന്‍ മണ്ഡലം ഇത്തവണ ഏതുവിധേനയും തങ്ങള്‍ക്കൊപ്പം നിര്‍ത്തുമെന്ന നിലപാടിലാണ് ഇല്‍തിജ. നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥികള്‍ ഏഴു തവണ വിജയിച്ച കാന്‍ഗാന്‍ ഇത്തവണ പട്ടികവര്‍ഗ സംവരണ മണ്ഡലമാണ്. 62 വര്‍ഷമായി മണ്ഡലത്തില്‍ കനത്ത സ്വാധീനമുള്ള മിയാന്‍ കുടുംബത്തില്‍ നിന്നുള്ള മിയാന്‍ മെഹര്‍ അലിയെയാണ് നാഷനല്‍ കോണ്‍ഫറന്‍സ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ മുന്‍ ട്രഷറി ഓഫിസ് ചീഫ് അക്കൗണ്ടന്റായ സയ്യിദ് ജമാഅത്ത് അലി ഷഹീനെ നിര്‍ത്താന്‍ പി.ഡി.പി തീരുമാനിച്ചു.
മെഹര്‍ അലിയുടെ പ്രപിതാക്കളായ മിയാന്‍ നിസാമുദ്ദീന്‍, മിയാന്‍ ബഷീര്‍ എന്നിവര്‍ ഒന്നും നാലും തവണ ഈ മണ്ഡലത്തില്‍നിന്ന് വിജയിച്ചിട്ടുണ്ട്. പിതാവ് മിയാന്‍ അല്‍താഫ് അഹമ്മദ് ജയിച്ചതോ അഞ്ചു തവണ. അതിനാല്‍ തന്നെ മെഹര്‍ അലിയുടെ സ്ഥാനാര്‍ഥിത്വം നിര്‍ണായകമാണെങ്കിലും എതിരാളിയായി മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള ജമാഅത്ത് അലി ഷഹീനെ നിര്‍ത്താനുള്ള പി.ഡി.പിയുടെ തീരുമാനം മണ്ഡലത്തില്‍ കനത്ത മത്സരത്തിനാണ് വഴിവച്ചത്. വെറും 432 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പി സ്ഥാനാര്‍ഥി ഈ മണ്ഡലത്തില്‍ തോറ്റത്. അതിനാല്‍ ഇത്തവണ ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പി.ഡി.പി ഇല്‍തിജയെത്തന്നെ പ്രചാരണത്തിനിറക്കിയിരിക്കുന്നത്.
ആകെ ആറു സ്ഥാനാര്‍ഥികളാണ് കാന്‍ഗാനില്‍ മത്സരിക്കുന്നത്. ജമ്മു കശ്മിര്‍ അപ്നി പാര്‍ട്ടിയുടെ അത്താ മുഹമ്മദ് കത്താന, ജമ്മു കശ്മിര്‍ ഡെമോക്രാറ്റിക് ലിബറല്‍ പാര്‍ട്ടിയുടെ മുഹമ്മദ് അയ്യൂബ് ചൗഹാന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അബ്ദുല്‍ മജീദ് ബനിയ, അനാരക്ഷിത് സമാജ് പാര്‍ട്ടിയുടെ ഗുലാം റബ്ബാനി ടെഡ് വ തുടങ്ങിയവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. കശ്മിരിയിലും ഉറുദുവിലുമായി ചെറിയ പ്രസംഗത്തിന് ശേഷം വാഹനത്തിന് ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് കുറച്ചുവാക്കുകള്‍ സംസാരിച്ചതോടെ ഇല്‍തിജയുടെ വാഹനവ്യൂഹം അടുത്ത സ്ഥലത്തേക്ക് നീങ്ങിത്തുടങ്ങി. തെരുവില്‍ ഇല്‍തിജയെ കേട്ടുനില്‍ക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കളും സ്ത്രീകളുമാണ്. അവര്‍ക്ക് നേരെ കൈവീശി ഇല്‍തിജയുടെ വാഹനവ്യൂഹം അകന്നുപോയി.
Iltija Mufti, the daughter of Mehbooba Mufti, is making waves in Kangan as the PDP candidate, rallying strong support ahead of the upcoming elections. With a focus on revitalizing the party’s presence, she aims for a significant win in a traditionally competitive constituency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."