യു.എ.ഇ പ്രസിഡന്റിന്റെ യു.എസ് സന്ദർശനം ഇന്ന്
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഗസ്സ, സുഡാൻ പ്രതിസന്ധികൾ അദ്ദേഹം ചർച്ച ചെയ്യും. വൈസ് പ്രസിഡന്റ് കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും. യു.എ.ഇയും അമേരിക്കയും തമ്മിൽ 50 വർഷത്തിലേറെയായി നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എ.ഇ പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് അമേരിക്ക സന്ദർശിക്കുന്നത്.
സമ്പദ് വ്യവസ്ഥ, വാണിജ്യം, സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, ബഹിരാകാശ സഹകരണം, പുനരുപയോഗ ഊർജം എന്നീ വിഷയങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ് അമേരിക്കൻ രാഷ്ട്ര നേതാക്കളുമായി ചർച്ച ചെയ്യും. ഗസ്സ, സുഡാൻ വിഷയങ്ങളിൽ മനുഷ്യത്വപരമായ പരിഹാരം കണ്ടെത്താനുള്ള സാധ്യതകളും ശൈഖ് മുഹമ്മദ് ആരായും.
സുസ്ഥിര മധ്യപൂർവ ദേശം ലക്ഷ്യമെന്ന് സ്ഥാനപതിമാർ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുമെന്നും സുസ്ഥിരവും സമാധാനപരവും ഐശ്വര്യപൂർണവുമായ മധ്യപൂർവ ദേശം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും യു.എ.ഇയിലെ അമേരിക്കൻ സ്ഥാനപതി മാർട്ടീന സ്ട്രോങ്ങും അമേരിക്കയിലെ യു.എ.ഇ സ്ഥാനപതി യൂസഫ് അൽ ഉതൈബയും പറഞ്ഞു.
ശൈഖ് മുഹമ്മദിന്റെ ആദ്യ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സ്‌ഥാനപതിമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സ, സുഡാൻ സംഘർഷങ്ങളിൽ അടിയന്തര മാനവിക സഹായം നൽകാൻ ശ്രമം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രതിരോധ രംഗത്തും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലുമുള്ള സഹകരണം ഇരു രാജ്യങ്ങളെയും ലോകത്തെ തന്നെയും സുരക്ഷിതമാക്കാൻ സഹായിക്കുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ 6 സംഘർഷ മേഖലകളിൽ രണ്ട് രാജ്യങ്ങളുടെയും സൈന്യം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു.
മേഖലയുടെ വളർച്ചക്ക് വേണ്ടി മെച്ചപ്പെട്ട കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയും, വെല്ലുവിളികൾ നേരിട്ടും, പുതിയ അവസരങ്ങൾ കണ്ടെത്തിയും അടുത്ത 50 വർഷത്തേക്കുള്ള യു.എസ് -യു.എ.ഇ സഹകരണം ശക്തിപ്പെടുത്തുമെന്ന് സംയുക്ത പ്രസ്താവന ആവർത്തിച്ചുറപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."