വിജയകരമായി മുന്നേറി ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവൽ
ദുബൈ: ദുബൈ ഗവൺമെൻ്റ് മീഡിയ ഓഫിസ് (ജി.ഡി.എം.ഒ) ക്രിയേറ്റിവ് വിഭാഗമായ ബ്രാൻഡ് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദുബൈ മെട്രോ മ്യൂസിക് ഫെസ്റ്റിവലിൻ്റെ നാലാം പതിപ്പ് വിജയകരമായി തുടരുന്നു. ശനിയാഴ്ചയാണ് ഇതിനു ഔദ്യോഗിക സമാരംഭമായത്.
പരിപാടി ഇതിനകം തന്നെ പ്രേക്ഷകരെ ആകർഷിച്ചുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഉദ്ഘാടന ദിവസം വൈവിധ്യമാർന്ന സംഗീതജ്ഞരുടെ നിരയുണ്ടായിരുന്നു. അവരുടെ വേറിട്ട പ്രകടനങ്ങൾ നഗരത്തിലുടനീളമുള്ള മെട്രോ സ്റ്റേഷനുകളെ ഊർജസ്വലമായ സാംസ്കാരിക വേദികളാക്കി മാറ്റി. പ്രകടനങ്ങൾ ദൈനംദിന യാത്രക്കാർക്ക് നല്ല അനുഭവമാണ് സമ്മാനിക്കുന്നത്.
ഈ മാസം 27 വരെയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ അരങ്ങേറുന്നത്. ദുബൈ മാൾ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ബർജുമാൻ, യൂണിയൻ, ഡി.എം.സി.സി എന്നിവയുൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകൾ വൈകുന്നേരം 5 മുതൽ രാത്രി 10 വരെ ഈ സംഗീത മേളകൾ കൊണ്ട് ഏറെ സജീവമാണ്. പ്രഗത്ഭരായ 20 സംഗീതജ്ഞർ അണിനിരക്കുന്നതിനാൽ യാത്രക്കാർക്ക് സവിശേഷ അവസരമാണ് ഫെസ്റ്റിവലെന്ന് സംഘാടകർ പറഞ്ഞു. സ്ട്രിംഗും താളവാദ്യവും മുതൽ നിത്യോപയോഗ വസ്തുക്കളിൽ നിന്നുള്ള സൃഷ്ടികൾ വരെ ഇവിടെ സംഗീത ഉപകരണമാണ്.
മെട്രോ കമ്പാർട്ടുമെൻ്റുകൾക്കുള്ളിൽ പോലും, ഉത്സവത്തിൻ്റെ വൈവിധ്യമാർന്ന ലൈനപ്പ് ഓരോ ശ്രോതാവിനും സവിശേഷ വാഗ്ദാനാമാണെന്നും അധികൃതർ അവകാശപ്പെട്ടു. ദുബൈയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന, ചലനാത്മകമായ ഒരു സാംസ്കാരിക ആഘോഷമെന്ന നിലയിൽ ഈ വർഷത്തെ ഫെസ്റ്റിവൽ അതിൻ്റെ പ്രശസ്തി ഉയർത്തുന്നത് തുടരുകയാണെന്നും ആർ.ടി.എ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള സംഗീത പ്രതിഭകളുടെ സമ്പന്നമായ ശ്രേണിയാണ് ഈ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നത്. ഉത്സവത്തിൻ്റെ സജീവമായ അന്തരീക്ഷവും പ്രേക്ഷകരുടെ ആവേശകരമായ പങ്കാളിത്തവും ദുബൈയുടെ സാംസ്കാരിക കലണ്ടറിലെ ഒരു ഹൈലൈറ്റ് എന്ന നിലയിൽ ഈ പ്രോഗ്രാമിനെ അടയാളപ്പെടുത്തുന്നു. അഞ്ച് മെട്രോ സ്റ്റേഷനുകളിൽ ഓരോ ദിവസവും പുതുമയുള്ളതും ആവേശകരവുമായ അനുഭവമാണ് ഈ പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."