മാധ്യമങ്ങളുടെ ധര്‍മം സംസ്‌കാര നിര്‍മിതി: സി. രാധാകൃഷ്ണന്‍
തൃശൂര്‍: അടിസ്ഥാന പരമായി സംസ്‌കാര നിര്‍മിതിയാണ് മാധ്യമങ്ങളുടെ ധര്‍മമെന്നും ഇതില്‍ നിന്നും വ്യതിചലിക്കുന്ന മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്നും പ്രമുഖ സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെയും ഫ്രീഡം ഫൈറ്റേഴ്‌സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ സംഘടിപ്പിച്ച 36 ാമത് കുറൂര്‍ നീലക്ണ്ഠന്‍ നമ്പൂതിരിപ്പാട് അനുസ്മരണത്തില്‍ മാറുന്ന കാലത്തെ മാധ്യമപ്രവര്‍ത്തനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി അധ്യക്ഷത വഹിച്ചു.
പൊതു താല്‍പ്പര്യമെന്ന നിലപാടിനോട് കീഴടങ്ങി നില്‍ക്കുക എന്നതാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ഇത് നടക്കണമെങ്കില്‍ മൂലധന താല്‍പ്പര്യങ്ങള്‍ക്ക് അടിമപ്പെടാതിരിക്കണം. മാറിയ കാലത്ത് മാധ്യമങ്ങളില്‍ മൂലധന ശക്തികളുടെ സാന്നിധ്യവും ശേഷിയും കൈകടത്തലും വര്‍ധിച്ച തോതിലുണ്ട്. സാമൂഹ്യ താല്‍പ്പര്യത്തിനുപരി മാധ്യമത്തെ മൂലധന-ജാതിമത-സാമൂഹ്യ ശക്തികള്‍ നിയന്ത്രിക്കുന്ന സ്ഥിതി നിലവിലുണ്ട്. ലാഭത്തിന് വേണ്ടി മാത്രമാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അതിന്റെ ധര്‍മം പാലിക്കാനാവാതെ വരും. അത്തരം മാധ്യമങ്ങള്‍ പ്രതിലോമകാരികളായി മാറും. അവയെ തിരുത്താന്‍ സ്വാതന്ത്ര്യ സമരകാലത്തെ സാമൂഹ്യ ബോധം ഇന്ന് ഉയര്‍ത്തേണ്ടതുണ്ട് സി രാധാകൃഷ്ണന്‍ പറഞ്ഞു.
ചിത്രന്‍ നമ്പൂതിരിപ്പാട് കുറൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം ജോയ് എം മണ്ണൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കുറൂര്‍ നീലക്ണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ടി.സി.ജി മേനോന്റെ ആശംസ സന്ദേശം വായിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനന്‍, മകള്‍ ഉമ നായര്‍ എന്നിവര്‍ സന്നിഹിതരായി. കേരള മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍ പ്രമോദ് സ്വാഗതവും ഫ്രീഡം ഫൈറ്റേഴ്‌സ് ഫോറം ട്രഷറര്‍ വി.കെ വിജയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."