യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ
യു.എ.ഇയിൽ നടന്നു വരുന്ന പൊതുമാപ്പിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ച് അധികൃതർ. നേരത്തെ, ഔട്ട്‌പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതി. ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ‌് (ജി.ഡി.ആർ.എഫ്.എ) ആമർ കസ്റ്റമർ ഹാപ്പിനസ് ഡിപാർട്മെന്റ് മേധാവി ലഫ്. കേണൽ സാലിം ബിൻ അലിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
അതിനിടെ, ഔട്ട്പാസ് ലഭിച്ചവർക്ക് ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനായുള്ള അനുമതിയും നൽകും. ഔട്ട്പാസിന്റെ കാലാവധി നീട്ടിയെങ്കിലും തിരക്കേറിയ ശൈത്യ കാലത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനാൽ, പുറപ്പെടുന്നത് വൈകുന്നത് മൂലം വിമാന ടിക്കറ്റിന് കൂടുതൽ പണം നൽകേണ്ടി വരുമെന്നും അതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ അവരുടെ സ്വദേശത്തേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഒന്ന് മുതലാണ് യു.എ.യിൽ പൊതുമാപ്പ് ആരംഭിച്ചത്. രണ്ടു മാസത്തേക്കാണ് ഈ പദ്ധതിയുടെ കാലയളവ്. ഇതുവരെ ആയിരക്കണക്കിനാളുകളാണ് അവസരം പ്രയോജനപ്പെടുത്തിയത്. വിസ നിയമം ലംഘിച്ചവർക്ക് പിയൊന്നും കൂടാതെ രാജ്യം വിടാനും അല്ലെങ്കിൽ അവരുടെ രേഖകൾ ശരിയാക്കി ഇവിടെ നിന്നുകൊണ്ടു തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും. ഇതോടൊപ്പം, പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് പിന്നീട് നിരോധമൊന്നുമില്ലാതെ യു.എ.ഇയിലേക്ക് തന്നെ മടങ്ങി വരാനും കഴിയുമെന്നും അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."