'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്
കൊച്ചി: താരസംഘടനയായ അമ്മയും ഡബ്ല്യുസി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് നടന്‍ സിദ്ദിഖ്. ബലാത്സംഗക്കേസില്‍ പ്രതിയാക്കിയത് ശരിയായ അന്വേഷണം നടത്താതെയെന്നും സിദ്ദിഖ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരളാ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യംതേടി സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാകും ഹരജിക്കാരനുവേണ്ടി ഹാജരാകുക. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നടി സുപ്രിം കോടതിയില്‍ തടസഹരജി നല്‍കിയിട്ടുണ്ട്. സിദ്ദിഖിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഒളിവില്‍പോയ സിദ്ദിഖിനെ കണ്ടെത്താന്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലിസിനായിട്ടില്ല. നടനെത്തേടി വിവിധ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തി. ഓഫിലായിരുന്ന സിദ്ദിഖിന്റെ ഫോണ്‍ ഇന്നലെ രാവിലെ ഓണ്‍ ആയെങ്കിലും ഉടന്‍ 'തിരക്കിലായി'. വീണ്ടും ഫോണ്‍ ഓഫ് ചെയ്തുവച്ചു. ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി സിദ്ദിഖിന്റെ എല്ലാ ഫോണുകളും ഓഫ് ചെയ്തിരുന്നു. സിദ്ദിഖിനെ ഏതെങ്കിലും തരത്തില്‍ സഹായിക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ അന്വേഷണ സംഘത്തലവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും തണുപ്പന്‍ മട്ടിലാണ് അന്വേഷണം. ആറു സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത് എന്നും സൂചനയുണ്ട്.
ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലിസ് സംഘം. സിനിമാരംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. 2016ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവനടി മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."