കോട്ടക്കലില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
കോട്ടക്കല്‍: ഓണം-പെരുന്നാള്‍ വിപണി സജീവമായതോടെ കോട്ടക്കലില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. താഴെ കോട്ടക്കല്‍ മുതല്‍ ചങ്കുവെട്ടി വരെയുള്ള ഭാഗങ്ങള്‍ പകല്‍ സമയങ്ങളില്‍ ഗതാഗതം തടസപ്പെടുകയാണിപ്പോള്.
ജില്ലയിലെ മികച്ച വസ്ത്ര വ്യാപാര സ്ഥാപനങ്ങളുള്ളതിനാല്‍ ഇവിടേക്കെത്തുന്ന വാഹനങ്ങള്‍ മൂലം ടൗണിലും പരിസരങ്ങളിലും തിരക്കൊഴിഞ്ഞ നേരമില്ല. ഷോപ്പിങ്ങിനെത്തുന്ന വാഹനങ്ങള്‍ പാര്ക്കുചെയ്യാനാകാതെ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിര്‍ത്തിയിടേണ്ട സ്ഥിയാണ്. താഴെ കോട്ടക്കല്‍ മുതല്‍ ധര്‍മ്മാശുപത്രി വരെയായി പത്തിലധികം പോക്കറ്റ് റോഡുകളുള്ളതിനാല്‍ വാഹനങ്ങളുടെ തിരിയല്‍ കുരുക്ക് രൂക്ഷമാക്കുന്നു. ടൗണിലെ ഷോപ്പുകള്‍ക്ക് മുന്നില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും തിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്.ഇന്ത്യനൂര്‍ റോഡിലേക്കുള്ള ജങ്ഷനില്‍ കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്ക് ഇവിടെയെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് വേഗതകുറക്കണം. ടൗണിന് ശാപമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പൊലിസും നഗരസഭയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നുകൊണ്ടുള്ള ഗതാഗത പരിഷ്കരണ കമ്മിറ്റി നിലവിലുണ്ട്. കുരുക്കൊഴിവാക്കുന്നതിന് കമ്മിറ്റി തീരുമാനങ്ങളെടുക്കാറുണ്ടെങ്കിലും പൂര്‍ണമായും നടപ്പിലാക്കാറില്ല. ടൗണിലെ പ്രധാന സ്ഥലങ്ങളില്‍ ട്രാഫിക് പൊലിസിനെ നിയമിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആളില്ലാത്തതിനാല്‍ നിലച്ചിരിക്കുന്നു. കോട്ടക്കലില്‍ സ്വന്തമായൊരു ട്രാഫിക് യൂനിറ്റ് സ്ഥാപിക്കണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."