രാജ്യത്തെ യുവാക്കൾക്ക് ജോലിയില്ല; മിക്ക ജോലിക്കും മിനിമം കൂലിയും ഇല്ല; മോദിയുടെ വാദങ്ങളെ പൊളിച്ച് റിപ്പോർട്ട്
മോദി സർക്കാർ കാലത്ത് യുവാക്കൾക്ക് വൻതോതിൽ തൊഴിൽ ലഭിച്ചെന്ന ബിജെപി പ്രചാരണങ്ങളെ പൊളിച്ച് അന്താരാഷ്ട്ര തൊഴിൽ സംഘടനയും ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹ്യുമൻ ഡെവലപ്മെന്റും ചേർന്ന് പ്രസിദ്ധീകരിച്ച ഇന്ത്യ അൺഎംപ്ലോയ്‌മെന്റ് റിപ്പോർട്ട്. റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഇന്ത്യയിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം കുത്തനെ ഉയർന്നു. തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണെന്നും കണക്കുകൾ വ്യക്തമാകുന്നു.
രാജ്യത്തെ തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന രൂക്ഷമായ ക്ഷാമം കൃത്യമായി ഇന്ത്യ അൺഎംപ്ലോയ്‌മെന്റ് റിപ്പോർട്ട് വരച്ചിടുന്നു. തൊഴിലില്ലാഴ്മ കൊടികുത്തിവാഴുന്ന ഇന്ത്യയുടെ യഥാർത്ഥ അവസ്ഥ വരച്ചിടുന്നതാണ് റിപ്പോർട്ടിലെ കണക്കുകൾ. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്. തൊഴിലില്ലായ്മ അനുഭവിക്കുന്നവരിൽ 83% ശതമാനവും യുവാക്കളാണെന്നും ഇതിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ മാത്രം 65.7 ശതമാനം പേരുണ്ടെന്നുമാണ് കണക്കുകൾ സുചിപ്പിക്കുന്നത്.
പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ദരിദ്രരായ വിദ്യാർഥികൾ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും കൊഴിഞ്ഞു പോകുന്ന പ്രവണതയും മാറ്റമില്ലാതെ തുടരുന്നു.
രാജ്യത്ത് തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലിയുടെ നിരക്കിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം കൂലിയെക്കാൾ കുറഞ്ഞ കൂലിയാണ് രാജ്യത്ത് ലഭിക്കുന്നത്. ഇത് രാജ്യത്ത് ദരിദ്രരുടെ എണ്ണത്തിൽ വർധന ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നു. ഒരു വശത്ത് ജീവിത ചിലവുകൾ വർധിക്കുമ്പോഴും കൂലി കുറയുന്നത് ആശങ്ക ഉണ്ടാകുന്നുണ്ട്.
രണ്ട് കോടി യുവാക്കൾക്ക് വർഷം തോറും തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച കനത്ത തിരിച്ചടിയായി റിപ്പോർട്ട്. പത്ത് വർഷത്തെ ഭരണം കൊണ്ട് തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ പോലും മോദി സർക്കാരിന് കഴിഞ്ഞില്ലെന്ന് വിമർശനമുയരുന്നുണ്ട്. രാജ്യത്തെ യുവാക്കൾ മോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം പേറുകയാണെന്നായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. രണ്ട് കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെ പോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."