ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിച്ചു ; ബസ്മതി ഇതര അരി വില യു.എ.ഇയിൽ 20% കുറഞ്ഞേക്കും
ദുബൈ: ചരക്ക് കയറ്റുമതി നിരോധനം ഇന്ത്യ നീക്കിയതോടെ ബസ്മതി ഇതര അരിയുടെ വില യു.എ.ഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 28ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിലായിരുന്നു തീരുമാനം.
ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്ന് സൂചിപ്പിച്ച്, ഈ മാറ്റം യു.എ.ഇ വിപണിയിലെ വിലയിൽ വളരെ പെട്ടെന്ന് തന്നെ ഏകദേശം 20 ശതമാനത്തോളമുള്ള ഇടിവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസ്മതിയും ബസ്മതി ഇതര അരിയും യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നു. യു.എ.ഇ ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്.
ഇന്നലെ ഇന്ത്യ ബസ്മതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള ബ്ലാങ്കറ്റ് നിരോധനം നീക്കുകയും, ടണ്ണിന് $ 490 (ഏകദേശം 1,800 ദിർഹം) ആയി തറ വില നിശ്ചയിക്കുകയും ചെയ്തു. ഇന്ത്യയിലെ വമ്പിച്ച വിളവ് കാരനാമാണ് കയറ്റുമതി തീരുവ നീക്കം ചെയ്തത്.
യു.എ.ഇയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന ഇനങ്ങളിൽ ഒന്നാണ് ബസ്മതി ഇതര അരി.
വിപണി വിഹിതത്തിൻ്റെ ഏകദേശം 70 ശതമാനം വരുമിത്. വെള്ള അരി, സോന മസൂരി അരി, ജീരകശാല അരി, ബോയിൽഡ് അരി തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. യു.എ.ഇയിലേക്ക് ബസ്മതി ഇതര അരി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നതിനാൽ, ലോകമെമ്പാടുമുള്ള പ്രധാന പുനർ കയറ്റുമതി കേന്ദ്രമായി യു.എ.ഇ വർത്തിക്കുന്നു. ഇത് വ്യാപാരികൾക്ക് വലിയ അവസരങ്ങളാണ് തുറക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."