യു.എ.ഇയിൽ കനത്ത മഴ, ആലിപ്പഴ വർഷം
ദുബൈ/അബൂദബി: ഇന്നലെ ദുബൈ, അബൂദബി എമിറേറ്റുകളിൽ മഴ ലഭിച്ചു. ഉച്ചകഴിഞ്ഞ് ദുബൈ എമിറേറ്റിലെ എമിറേറ്റ്‌സ് റോഡ്, അറേബ്യൻ റാഞ്ചസ്, അൽ ത്വവാർ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവിടങ്ങളിലാണ് കനത്ത മഴയുണ്ടായത്.
ചില സ്ഥലങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. തിങ്കളാഴ്ച രാത്രിയും മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയ്‌ക്കൊപ്പം ദുബൈയുടെ ചില ഭാഗങ്ങളിൽ ഇടിമുഴക്കം കേട്ടുവെന്നും അനുഭവസ്ഥർ പറഞ്ഞു.
അപകടകരമായ കാലാവസ്ഥയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാവണമെന്നും, അധികാരികളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് എൻ.സി.എം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. മഴ തുടരുന്നതിനാൽ ദുബൈയിലെ എല്ലാ റോഡ് ഉപയോക്താക്കളോടും ജാഗ്രതയോടെ വാഹനമോടിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ പിന്തുടരാനും ദുബൈ പൊലിസ് എക്‌സിൽ പറഞ്ഞു.
ഇന്നലെ അബൂദബിയിൽ മിതമായ മഴയും, അൽ ഐനിലും അൽ ദഫ്രയിലും കനത്ത മഴയും ലഭിച്ചു. ഇന്നും അൽ ഐനിൽ മഴ പ്രതീക്ഷിക്കുന്നതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. എൻ.സി.എം അതിൻ്റെ ഏറ്റവും പുതിയ അഞ്ച് ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിൻ പൂത്തിറക്കിയിട്ടുണ്ട്. ഈആഴ്ച കൂടുതൽ അസ്വാസ്ഥ്യ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നതായും അധികൃതർ സൂചിപ്പിച്ചു.
രാജ്യത്തിൻ്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചൊവ്വാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില ഉൾപ്രദേശങ്ങളിലും തീര ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കരുതുന്നു. അസ്ഥിര കാലാവസ്ഥയിൽ ജാഗ്രത പാലിക്കാൻ എല്ലാ ജനങ്ങളോടും അബൂദബി മീഡിയ ഓഫിസ് അഭ്യർത്ഥിച്ചു. പരിഷ്‌കരിച്ച വേഗ പരിധികൾ പാലിക്കാനും, താഴ്‌വരകൾ ഒഴിവാക്കാനും, പ്രഥമ ശുശ്രൂഷാ കിറ്റുകൾ കരുതാനും, ബദൽ പ്രകാശ സ്രോതസ്സുകൾ സജ്ജമാക്കാനും സോഷ്യൽ മീഡിയയിലെ സന്ദേശത്തിൽ അധികൃതർ ഉണർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."