ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക
സെര്‍ച്ച് ചെയ്യാനും മറ്റുമായി ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുന്നവരാണോ.. എങ്കില്‍ കരുതിയിരിക്കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സിഇആര്‍ടിഇന്‍ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ പിഴവുകള്‍ മുതലാക്കി ഹാക്കര്‍മാര്‍ക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകും.
2024 സെപ്റ്റംബര്‍ 26ന് പുറത്തിറക്കിയ ഏറ്റവും പുതിയ സിഇആര്‍ടിഇന്നിന്റെ നോട്ടിലാണ് ക്രോമിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയുന്നത്. ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ പിഴവുകളെ ഉയര്‍ന്ന തീവ്രതയുടെ പ്രശ്‌നങ്ങളുടെ കൂട്ടത്തിലാണ് സിഇആര്‍ടിഇന്‍ ചേര്‍ത്തിരിക്കുന്നത്. ഗുരുതരമായ സുരക്ഷാ അപകടങ്ങളിലേക്ക് നയിക്കുന്ന ജാവാസ്‌ക്രിപ്റ്റ് എഞ്ചിനിലെ പിഴവുകളും അനുചിതമായ നിര്‍വ്വഹണങ്ങളും കാരണമാണ് ഈ കേടുപാടുകള്‍ സംഭവിക്കുന്നതെന്ന് സിഇആര്‍ടിഇന്‍ പറയുന്നു. ടാര്‍ഗെറ്റഡ് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യുന്നതിലൂടെ ഹാക്കര്‍മാര്‍ക്ക് ഈ കേടുപാടുകള്‍ മുതലെടുക്കാന്‍ കഴിയും.
ഈ കേടുപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് ക്രോമിനെ അപ്‌ഡേറ്റ് ചെയ്യാനാണ് സിഇആര്‍ടിഇന്നും ഗൂഗിളും ശക്തമായി ശുപാര്‍ശ ചെയ്യുന്നത്. ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറില്‍ ഈ കേടുപാടുകള്‍ പരിഹരിക്കുന്ന ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ നിങ്ങള്‍ ഗൂഗിള്‍ ക്രോമിന്റെ 129.0.6668.70 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതും ഗുണം ചെയ്യും. നിങ്ങളുടെ ക്രോം പതിപ്പ് പരിശോധിച്ച് അത് അപ്‌ഡേറ്റ് ചെയ്യാനായി ക്രോം ഓപ്പണ്‍ ചെയ്ത ശേഷം മുകളില്‍ വലത് ഭാഗത്ത് കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഹെല്‍പ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന അപ്‌ഡേറ്റില്‍ ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ക്ലിക്ക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."