ടി.കെ പരീക്കുട്ടിഹാജി ; വിടവാങ്ങിയത് അനാഥബാല്യങ്ങളെ നെഞ്ചോടുചേര്‍ത്ത നന്മമുഖം
കൊടുവള്ളി: അണഞ്ഞത് ഒരു പുരുഷായുസ് മുഴുവന്‍ അനാഥരും അശരണരുമായ ബാല്യങ്ങളെ ചേര്‍ത്തുനിര്‍ത്തിയ വിളക്കുമരം. സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും നല്ല പങ്കും ടി.കെ പരീക്കുട്ടിഹാജി മാറ്റിവച്ചതും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. പൊതുരംഗത്ത് നിറഞ്ഞ് നിന്നപ്പോഴും സമുദായത്തിന്റെയും സുന്നത്ത് ജമാഅത്തിന്റെയും ഉന്നമനത്തിനുള്ള പ്രവര്‍ത്തങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി.
ശംസുല്‍ ഉലമ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പോലുള്ള വ്യക്തിത്വങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തി. അവരുടെ ഉപദേശങ്ങള്‍ക്ക് പരിഗണന നല്‍കി. 1978ല്‍ കൊടുവള്ളി മുസ്‌ലിം യതീംഖാന സ്ഥാപിതമായപ്പോള്‍ നേതൃനിരയില്‍ പരീക്കുട്ടി ഹാജി ഉണ്ടായിരുന്നു. 1977ല്‍ അദ്ദേഹത്തെയാണ് ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുത്തത്. യതീംഖാന നിര്‍മാണത്തിനായി ആദ്യം തുക വാഗ്ദാനം ചെയ്തതും പരീക്കുട്ടി ഹാജിയായിരുന്നു. തുടര്‍ന്ന് ഇത്രയും കാലം കൊടുവള്ളി യതീംഖാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചത് അദ്ദേഹമാണ്.
കൊടുവള്ളി യതീംഖാനയെ രാജ്യത്തെ മികച്ച അനാഥാലയങ്ങളുടെ ഗണത്തില്‍ കൊണ്ടുവരാന്‍ അശ്രാന്തം പ്രയത്‌നിച്ചു.
1992ല്‍ മികച്ച അനാഥലയത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നിലും പരീക്കുട്ടി ഹാജിയുടെ നേതൃ പാടവമായിരുന്നു. മികച്ച പ്രവര്‍ത്തന ശൈലി കൊണ്ട് സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും തേടിയെത്തി.
വിവിധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചപ്പോഴും കൊടുവള്ളി യതീംഖാനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നേരിട്ടെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് റെഡ് ക്രസന്റ് സഹായം ഉള്‍പ്പെടെയുള്ളവ യതീംഖാനകള്‍ക്ക് എത്തിച്ചുനല്‍കുന്നതില്‍ അതീവ തത്പരനായിരുന്നു.
നാല് മാസം മുന്‍പാണ് കൊടുവള്ളി യതീംഖാന അവസാനമായി സന്ദര്‍ശിച്ചത്.
മാതൃകാ പൊതുപ്രവര്‍ത്തകന്‍: സമസ്ത
കോഴിക്കോട്: സമൂഹ നന്മക്കുവേണ്ടി നിരന്തരം പരിശ്രമിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു ടി.കെ പരീക്കുട്ടി ഹാജിയെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരും അനുസ്മരിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച കോഴിക്കോട്ടെ കാരണവരായിരുന്നു അദ്ദേഹം. ദീര്‍ഘകാലമായി വിദ്യാഭ്യാസ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു നേതാക്കള്‍ പറഞ്ഞു.
നിസ്വാര്‍ഥ ജനസേവകന്‍: സാദിഖലി തങ്ങള്‍
കോഴിക്കോട്: മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ നിസ്വാര്‍ത്ഥ സേവകനായിരുന്നു ടി.കെ പരീക്കുട്ടി ഹാജിയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.
കൊടുവള്ളി യതീംഖാന ജനറല്‍ സെക്രട്ടറിയായി 1978 മുതല്‍ അദ്ദേഹം യതീംഖാന പ്രസ്ഥാനത്തിന്റെ അമരത്ത് പ്രവര്‍ത്തിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായി ഒരുപാട് പരിഷ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."