ടെലിമാർക്കറ്റിങ്: 2,000ത്തിലധികം ലംഘനങ്ങൾ കണ്ടെത്തി
ദുബൈ: അനാവശ്യവും വഞ്ചനാപരവുമായ ടെലിമാർക്കറ്റിങ് കോളുകൾ കർശനമായി തടഞ്ഞു അധികൃതർ. പുതിയ നിയന്ത്രണങ്ങൾ പാലിച്ച് നിയമം ലംഘിച്ചതിന് നിരവധി വ്യക്തികൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ) പിഴ ചുമത്തി. 2,000ത്തിലധികം നിയമ ലംഘനങ്ങളാണ് അതോറിറ്റി കണ്ടെത്തിയത്. സാമ്പത്തിക പിഴ ചുമത്തിയത്തിനു പുറമെ, നിരവധിയാളുകളുടെ നമ്പറുകൾ റദ്ദാക്കുകയും ചെയ്തു.
2024ലെ കാബിനറ്റ് പ്രമേയം നമ്പർ 56, 57 പ്രകാരമാണ് നടപടിയെടുത്തത്. വ്യക്തികൾ അവരുടെ വ്യക്തിഗത നമ്പറുകൾ വിപണന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ വിലക്കുള്ളത് മുൻനിർത്തിയാണ് നീക്കം. നിയമപ്രകാരം, ഒരു വ്യക്തിയുടെ പേരിൽ ലൈസൻസുള്ള ഒരു ഫോൺ നമ്പർ വഴി ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമായി മാർക്കറ്റിങ് ഫോൺ വിളിക്കുകയാണെങ്കിൽ, 5,000 ദിർഹം പിഴ ചുമത്തും. ആദ്യ ലംഘനത്തിന് വിളിക്കുന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത എല്ലാ നമ്പറുകളും പണമടയ്ക്കുന്നത് വരെ പ്രവർത്തനം നിർത്തിവയ്ക്കും.
വ്യക്തി രണ്ടാമത്തെ ലംഘനം നടത്തിയാൽ 3 മാസത്തേക്ക് എല്ലാ നമ്പറുകളും നിർത്തിവയ്ക്കുന്നതിനു പുറമേ 20,000 ദിർഹം പിഴയും ചുമത്തും. പിഴ 50,000 ദിർഹമായി വർധിക്കുകയും 30 ദിവസത്തിനുള്ളിൽ മൂന്നാം തവണയും വ്യക്തി അതേ ലംഘനം നടത്തിയാൽ 12 മാസത്തേക്ക് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിൽ നിന്ന് സേവനം ലഭിക്കുന്നതിൽ നിന്ന് തടയുന്നതാണ്.
ഈ വർഷം ഓഗസ്റ്റിലാണ് രാജ്യം പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വന്നത്. വഞ്ചനാപരവും അതിക്രമപരവുമായ സ്വഭാവമായാണ് ഇത്തരം ടെലിമാർക്കറ്റിങ് കോളുകളെ കാണുന്നത്. ഇതിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങളനുസരിച്ച് 'കോൾഡ് കോളർ'മാർ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മാത്രം ആവശ്യത്തിന് വിളിക്കുക. ആദ്യ കോളിൽ സേവനം നിരസിച്ചാൽ അതേ ദിവസം വീണ്ടും അവരെ വിളിക്കരുത്. സേവനങ്ങളോ ഉത്പന്നങ്ങളോ വാങ്ങാൻ വിദ്യാർഥികളെ പ്രേരിപ്പിക്കരുത്.
കോൾഡ് കോളർമാർക്കും ടെലിമാർക്കറ്റിങ് സ്ഥാപനങ്ങൾക്കും നിയമങ്ങൾ ലംഘിച്ചാൽ 5,000 മുതൽ 1,50,000 ദിർഹം വരെ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴകൾ വർധിക്കും. എല്ലാ അഡ്‌മിനിസ്‌ട്രേറ്റിവ് പെനാൽറ്റികളും മൂന്ന് വിഭാഗങ്ങൾ (1/2/3 തവണകൾ) ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. 2024ലെ കാബിനറ്റ് പ്രമേയം നമ്പർ (57) പ്രകാരം ഓരോ തവണയും ലംഘനം ആവർത്തിച്ചാലുള്ള പിഴകൾ ഗണ്യമായി വർധിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."