പണം തെറ്റായി കൈകാര്യം ചെയ്തു; ധനകാര്യ സ്ഥാപനത്തിന് 2.64 മില്യൺ ദിർഹം പിഴ
ദുബൈ: ഇടപാടുകാരുടെ നിക്ഷേപം തെറ്റായി കൈകാര്യം ചെയ്യുകയും അധികൃതരെയും ബാങ്കിനെയും കബളിപ്പിക്കുകയും ചെയ്ത ധനകാര്യ സ്ഥാപനത്തിന് ദുബൈ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (ഡി.എഫ്.എസ്.എ) 2 .64 മില്യൺ ദിർഹം പിഴ ചുമത്തി.
ഒ.സി.എസ് ഇന്റർനാഷനൽ ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇടപാടുകാരുടെ 168 മില്യൺ ദിർഹം തെറ്റായി കൈകാര്യം ചെയ്യുകയും ബാങ്കിനെയും അതോറിറ്റിയേയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞു.
സ്ഥാപനത്തിന്റെ സി.ഇ.ഒ ക്രിസ്ത്യൻ ടർണർക്ക് 682,631 ദിർഹം പിഴയും ചുമത്തി. അംഗീകൃത സ്ഥാപനങ്ങളിൽ എക്സിക്യൂട്ടിവ് പദവിയോ മറ്റ് ജോലികളോ ചെയ്യുന്നതിന് സി.ഇ.ഒക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള ധനകാര്യ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നും അതോറിറ്റി നിർദേശിച്ചു.
നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്തണമെന്നും ഇടപാടുകാരുടെ പണം കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ സത്യസന്ധതയും ധാർമികതയും പാലിക്കണമെന്നും ഡി.എഫ്.എസ്.എ സി.ഇ.ഒ ഇയാൻ ജോൺസൺ പറഞ്ഞു. നിക്ഷേപകരുടെ പണത്തിന് സംരക്ഷണം നൽകാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."