ടി20 വനിതാ ലോകകപ്പ്: ബംഗ്ലാദേശിന് ജയത്തുടക്കം
ഷാര്‍ജ: ടി20 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ജയത്തോടെ തുടങ്ങി ബംഗ്ലാദേശ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്കോട്ലന്ഡിനെ 16 റണ്‍സിന് വീഴ്ത്തിയാണ് വരവറിയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ സ്കോട്ലന്ഡിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സില്‍ അവസാനിച്ചു. നാലോവറില്‍ 15 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഋതു മോനിയാണ് കളിയിലെ താരം.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിനായി ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് സ്കോര്‍ 100 കടത്താന്‍ സഹായിച്ചത്. ഓപണര്‍ ഷാതി റാണി 32 പന്തില്‍ 29 റണ്‍സെടുത്തും വണ്‍ഡൗണായി ഇറങ്ങിയ ശോഭന മൊസ്റ്റാറി 38 പന്തില്‍ 36 റണ്‍സെടുത്തും തിളങ്ങി. മുര്‍ഷിദ ഖാത്തൂന് (12), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (18), ഫഹീമ ഖാത്തൂന് (5 പന്തില്‍ പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ടെത്തിയ മറ്റു ബാറ്റര്‍മാര്‍. സ്കോട്ലന്ഡിനു വേണ്ടി സസ്കിയ ഹോര്‍ലി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ടിഷ് നിരയില്‍ സാറ ബ്രൈസിനു മാത്രമാണ് തിളങ്ങാനായത്. താരം 52 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ കാതറിന് ബ്രൈസ് (11), ഐല്‍സ ലിസ്റ്റര്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."