ഓണം-ബലിപെരുന്നാള്‍; വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കലക്ടര്‍
മലപ്പുറം: ഓണം-ബലിപെരുന്നാള്‍ ആഘോഷ വേളയില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതു നിയന്ത്രിക്കണമെന്നും കരിച്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ നടത്തരുതെന്നും ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളോട് അഭ്യര്‍ഥിച്ചു. ഓണം-ബലിപെരുന്നാള്‍ ആഘോഷ വേളകളില്‍ വിപണിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു അവര്‍.
ആഘോഷവേളകളില്‍ പൊതുവേ വിപണികളില്‍ വില കുതിച്ചുയരുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇതു സാധാരണക്കാരുടെ ആഘോഷത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതു സാമൂഹ്യ ബാധ്യതയാണന്നും ഇതിനു വ്യാപാരികളുടെ പൂര്‍ണ സഹകരണമുണ്ടാകണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ ജില്ലയിലെ വിപണിയില്‍ അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വിലനിലവാരം താഴ്ന്നനിലയിലാണെന്നും ഇതേ നിലവാരം ആഘോഷവേളകളിലും നിലനിര്‍ത്തുന്നതിനു സഹകരിക്കുമെന്നും വ്യാപാരികള്‍ ഉറപ്പുനല്‍കി. ഇതുസബന്ധിച്ചു വ്യാപാരികളുടെ താലൂക്കുതല യോഗങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ എത്തിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. പച്ചക്കറികളുടെ കീടനാശിനിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉല്‍പന്നങ്ങള്‍ കെട്ടികിടക്കുന്നതിനു കാരണമാകുന്നുണ്ടെന്നും ഇതു വിലനിലവാരത്തെ ബാധിക്കുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. പച്ചകറികടകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും വിലനിലവാരപ്പട്ടിക ഉറപ്പുവരുത്തുമെന്നു വ്യാപാരികള്‍ ഉറപ്പുനല്‍കി. ഇതുസംബന്ധിച്ചു ജാഗ്രത പുലര്‍ത്താന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ കെ. വല്‍സ, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി.പി അബ്ദുറഹിമാന്‍, വെജിറ്റബിള്‍ മര്‍ച്ചന്റ് പ്രതിനിധി കെ. അറുമുഖന്‍, വ്യാപാരി വ്യവസായി സഘടനാ പ്രതിനിധികളായ എം.കെ അലി, സൈനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."