സ്കൂട്ടറിലിരുന്ന് ഹോളി ആഘോഷിച്ച യുവതികള്‍ക്കും സ്കൂട്ടര്‍ ഓടിച്ച യുവാവിനും എട്ടിന്റെ പണി കൊടുത്ത് പൊലിസ്
നോയിഡ: സ്കൂട്ടറിലിരുന്ന് ഹോളി ആഘോഷിച്ച രണ്ട് യുവതികളുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായി. വിഡിയോ വൈറലായതിന് പിറകെ ഇത് പൊലിസിന്റെ ശ്രദ്ധയിലും പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ നോയിഡ പൊലിസ് 33,000 രൂപ പിഴ ചുമത്തിയിരുന്നു. യുവാവ് സ്കൂട്ടര്‍ ഓടിക്കുകയും രണ്ടുപെണ്‍കുട്ടികള്‍ നിറങ്ങള്‍ വാരിപ്പൂശുകയും ചെയ്യുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
സംഭവത്തില്‍ ലോക്കല്‍ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 25നാണ് വിഡിയോ സോഷ്യല്‍മിഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വിഡിയോ അശ്ലീല ചുവയോടു കൂടിയതാണെന്നായിരുന്നു വ്യാപക വിമര്‍ശനം. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ 33,000 രൂപ പിഴ ഈടാക്കിയെന്ന് പൊലിസ് പറഞ്ഞു. ഇപ്പോഴിതാ 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലിസ്. ഇതോടെ ഇവര്‍ ആകെ അടക്കേണ്ട പിഴത്തുക 80,500 രൂപയായി.
ഹെല്‍മറ്റ് ധരിക്കാതെയാണ് മൂന്നുപേരും സഞ്ചരിച്ചത്. സ്കൂട്ടര്‍ ഉടമ 80,500 രൂപ പിഴയൊടുക്കണമെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ അനില്‍ കുമാര്‍ യാദവ് പി.ടി.ഐയോട് പറഞ്ഞു. ഇരുചക്ര വാഹനമോ നാലു ചക്ര വാഹനമോ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കുന്നത് പോലെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും റോഡ് സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാനും യാദവ് അഭ്യര്‍ഥിച്ചു.
അശ്രദ്ധയോടെ വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവന് അപകടപ്പെടുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുക, പൊതു സ്ഥലത്ത് അശ്ലീലപ്രവൃത്തിയിലേര്‍പ്പെടുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."