ഇന്ധനംതീര്‍ന്നു; ദുബൈ കപ്പല്‍ പൊന്നാനിയില്‍ നങ്കൂരമിട്ടു
പൊന്നാനി: ദുബൈ ആസ്ഥാനമായുള്ള കപ്പല്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു പൊന്നാനി തീരത്തു നങ്കൂരമിട്ടതു മത്സ്യത്തൊഴിലാളികളെ മണിക്കൂറുകളോളം ആശങ്കയിലാക്കി. ഇന്നലെ രാവിലെയാണ് തീരത്തു ദുബൈ കപ്പല്‍ നങ്കൂരമിട്ടത്. ദക്ഷിണ കൊറിയയിലെ ബസാനില്‍നിന്നു ദുബൈയിലേക്കു ചരക്കുകളുമായി പോകുകയായിരുന്ന കപ്പലാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു പൊന്നാനി കടലില്‍ തീരഭാഗത്തായി നങ്കൂരമിട്ടത്.
കടലില്‍ മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളാണ് സംശയാസ്പദ സാഹചര്യത്തില്‍ കപ്പല്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊന്നാനി പൊലിസിനെയും കണ്‍ട്രോള്‍ റൂമിലും വിവരമറിയിച്ചു. ഇതിനിടെ കപ്പലിനെച്ചൊല്ലി അഭ്യൂഹങ്ങളും പടര്‍ന്നു. ഇതോടെ നാട്ടുകാരും അധികൃതരും ആശങ്കയിലായി. തുടര്‍ന്നു പൊന്നാനി സി.ഐ കെ. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം പൊന്നാനി തീരത്തുനിന്ന് ബോട്ട് മാര്‍ഗം കപ്പലിലെത്തി നടത്തിയ അന്വേഷണത്തില്‍ കപ്പലിലെ ലൂബ്രിക്കന്റ് ഓയില്‍ തീര്‍ന്നതാണ് നങ്കൂരമിടാന്‍ കാരണമെന്നു വ്യക്തമായി.
ഒന്‍പതു തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ എട്ടു പേരും ഇന്ത്യക്കാരായിരുന്നു. കപ്പലില്‍ കയറി വിശദമായി പരിശോധിച്ചെങ്കിലും സംശയത്തക്ക സാഹചര്യത്തിലുള്ള യാതൊന്നും കണ്ടെത്തിയില്ല. ദുബൈയിലെ കമ്പനി ദക്ഷിണ കൊറിയയില്‍നിന്നു വാങ്ങിയ കപ്പലിന്റെ ആദ്യ യാത്രക്കിടെയാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു യാത്ര പാതിവഴിയില്‍ നിലച്ചത്.
കപ്പലിനാവശ്യമായ ഇന്ധനം കൊണ്ടു പോകുന്ന കപ്പലായിരുന്നുവെങ്കിലും ആദ്യ യാത്രയായതിനാല്‍ കപ്പല്‍ കാലിയായിരുന്നു. ബുസാനില്‍നിന്നു ലഭിച്ച നിലവാരം കുറഞ്ഞ ലൂബ്രിക്കന്റ് ഓയില്‍ ആയതിനാല്‍ എളുപ്പത്തില്‍ തീരുകയായിരുന്നു. ഇത് ഇന്ധനം കൊണ്ടുപോകാനുള്ള ചരക്ക് കപ്പലാണോ എന്നതിനെക്കുറിച്ച് കോസ്റ്റ്ഗാര്‍സ് പരിശോധിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു രേഖകള്‍ പരിശോധിച്ചതിനു ശേഷമേ കപ്പലിനു യാത്ര തുടരാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."