സമാധാനത്തിന്റെ കൊടി ഉയര്‍ത്തിയ നിരായുധരോടും കരുണ കാണിക്കാതെ സയണിസ്റ്റ് ഭീകരര്‍; വെടിവെച്ച് കൊന്നു, കുഴിച്ചിട്ടു; വെടിനിര്‍ത്തല്‍ പ്രമേയം കടലാസില്‍ മാത്രം
അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ച് ഗസ്സയില്‍ കൂട്ടക്കരുതി തുടരുകയാണ് ഇസ്‌റാഈല്‍. റഫയിലും ഖാന്‍ യൂനുസിലും വടക്കന്‍ ഗസ്സയിലും സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ദക്ഷിണ ലബനാനു നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.
ഇസ്‌റാഈല്‍ ക്രൂരതയുടെ നിരവധി ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. നിരായുധരായ ഫലസ്തീനികള്‍ക്ക് നേരെ സയണിസ്റ്റ് സേന നിറയൊഴിക്കുന്നതിന്റെയും കൊന്ന ശേഷം അവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിച്ചു മൂടുന്നതിന്റേയും ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്തു വിട്ടു. കീഴടങ്ങലിന്റെ പ്രതീകമായി വെള്ളത്തുണി ഉയര്‍ത്തിപ്പിടിച്ച സംഘത്തിന് നേരെയായിരുന്നു ഭീകര സേനയുടെ വെടിവെപ്പ്.
റഫക്കു നേരെ കൂടുതല്‍ ശക്തമായ ആക്രമണം അനിവാര്യമെന്ന സൂചന നല്‍കി ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ആസൂത്രിത കൂട്ടക്കുരുതി തടയാന്‍ ഉടന്‍ ഇടപെടണമെന്ന് യു.എന്നിനോടും അന്താരാഷ്ട്ര കോടതിയോടും ഹമാസ് ആവശ്യപ്പെട്ടു. ഇസ്‌റാഈല്‍ സുരക്ഷ ഉറപ്പാക്കാനുതകുന്ന എല്ലാ ലക്ഷ്യങ്ങളും നേടുംവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ റഫക്കു നേരെയുള്ള ആക്രമണം ആവശ്യമാണ്. റഫയില്‍നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കുമെന്നും നെതന്യാഹു അറിയിച്ചു.
15 ലക്ഷത്തോളം ഫലസ്തീനികള്‍ ഞെരുങ്ങിക്കഴിയുന്ന റഫയില്‍ കരയാക്രമണം ഉടന്‍ ആരംഭിക്കാനാണ് ഇസ്‌റാഈല്‍ നീക്കം. ഇത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 76 പേര്‍. ഇതോടെ, ഗസ്സയില്‍ മരണസംഖ്യ 32,490 ആയി. രണ്ടു മാസത്തോളമായി ഭക്ഷണ വിതരണം നിലച്ച വടക്കന്‍ ഗസ്സയില്‍ പട്ടിണി അതിരൂക്ഷമാണ്. ഇവിടെ രണ്ടു വയസിനു താഴെയുള്ള 31 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരം ലഭിക്കാതെ കഷ്ടതയിലാണ്. എല്ലും തോലുമായ കുട്ടികളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. വെടിനിര്‍ത്തല്‍ പ്രമേയം യു.എന്‍ പാസാക്കിയ ശേഷം ആക്രമണം വര്‍ധിച്ചതായി ഗസ്സ നിവാസികള്‍ പറയുന്നു.
ഗസ്സയിലേക്ക് മുടക്കം കൂടാതെ സഹായം എത്തിക്കണണെന്ന യു.എന്‍ അഭ്യര്‍ഥനയും ഇസ്‌റാഈല്‍ നടപ്പാക്കിയില്ല. ആകാശമാര്‍ഗം എത്തിച്ച സഹായം ശേഖരിക്കാന്‍ ശ്രമിച്ച 12 ഫലസ്തീനികള്‍ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ലോകത്തിന്റെ മുഴുവന്‍ നോവായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."