മുഴപ്പിലങ്ങാട് ബീച്ചില്‍ കെ.ടി.ഡി.സി ആഡംബര ഹോട്ടല്‍ വരുന്നു
കണ്ണൂര്‍: മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ കെ.ടി.ഡി.സി ആഡംബര ഹോട്ടല്‍ തുടങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍പ്പെട്ട മുഴപ്പിലങ്ങാട് അദ്ദേഹം പ്രത്യേക താല്പര്യമെടുത്താണു ബേക്കല്‍ മാതൃകയില്‍ ഹട്ട് ഉള്‍പ്പെടെയുള്ള നാലു നക്ഷത്ര ഹോട്ടല്‍ പണിയുന്നത്. ഇതിനു മൂന്നേക്കര്‍ സ്ഥലം നിലവില്‍ കെ.ടി.ഡി.സിയുടെ നിയന്ത്രണത്തില്‍ ബീച്ചിനോടു ചേര്‍ന്നുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിനു സമീപത്ത് പഞ്ചായത്ത് ശ്മശാനത്തോടു ചേര്‍ന്നുള്ള മൂന്നേക്കര്‍ സ്ഥലമാണു കെ.ടി.ഡി.സിക്കുള്ളത്. ഇനി രണ്ടുഭാഗത്തും എട്ടുമീറ്റര്‍ വീതിയില്‍ റോഡിനു സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ നടപടി തുടങ്ങി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. കുളം ബസാറില്‍ നിന്നു സ്ഥലത്തേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരത്തേക്കു റോഡ് പണിയാന്‍ ഒരേക്കര്‍ സ്ഥലമാണ് ആവശ്യം. സ്ഥലമെടുപ്പിനു സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനമിറക്കും.
ലോക ടൂറിസം ഭൂപടത്തില്‍ ഇടംതേടിയ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികള്‍ക്കു തങ്ങാന്‍ മികച്ച ഹോട്ടല്‍ സമുച്ചയം നിലവിലില്ല. ഇതേതുടര്‍ന്നാണു മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് കെ.ടി.ഡി.സി ഹോട്ടല്‍ തുടങ്ങാന്‍ നടപടി തുടങ്ങിയത്. ബേക്കലില്‍ അടുത്തിടെയാണു കെ.ടി.ഡി.സി ആഡംബര ഹോട്ടല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."