മലയോര ഹൈവേയുടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
ആലക്കോട്: മലയോര ഹൈവേയുടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഇതോടെ യു.ഡി.എഫ് നടത്തിവന്ന സമരങ്ങള്‍ അവസാനിപ്പിച്ചതായി കെ.സി ജോസഫ് എം.എല്‍.എ അറിയിച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ കെ.സി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എം.എല്‍.എ, മോണ്‍ മാത്യു എം ചാലില്‍, തോമസ് വെക്കത്താനം, സി.കെ മുഹമ്മദ്, ദേവസ്യ മേച്ചേരി എന്നിവരടങ്ങിയ നിവേദക സംഘം മലയോര ഹൈവേയുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ചിരുന്നു. പ്രവൃത്തി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കെ.സി ജോസഫ് പറഞ്ഞു. ഇത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും ധന വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേല്‍ ഈ മാസം 9ന് പ്രഖ്യാപിച്ച മനുഷ്യചങ്ങല ഉള്‍പ്പെടെയുള്ള സമര പരിപാടികളും ഇന്ന് നടത്താനിരുന്ന ആലോചനാ യോഗവും മാറ്റിവച്ചതായും കെ.സി ജോസഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."