ദിശ തെറ്റിക്കുന്ന ദിശാ ബോര്‍ഡുകള്‍
ആലക്കോട്: കൃത്യമായ വിവരങ്ങള്‍ നല്‍കി ലക്ഷ്യസ്ഥാനത്തെത്തിക്കാനെന്ന പേരില്‍ സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ യാത്രക്കാരെ വലക്കുന്നു. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ദിശാബോര്‍ഡുകളില്‍ പലതിലും തെറ്റായ രീതിയിലാണു ദൂരവും മറ്റും അടയാളപ്പെടുത്തിയിരിക്കുന്നത്.
തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡിലാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൈതല്‍മലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കായി നിരവധി പേരാണു ദൂരദേശങ്ങളില്‍ നിന്നു പോലും ഈ റോഡില്‍ കൂടി യാത്ര ചെയ്യുന്നത്. തളിപ്പറമ്പില്‍ നിന്ന് 35 കിലോ മീറ്റര്‍ മാത്രമാണ് ഉദയഗിരി പഞ്ചായത്തിലെ മണക്കടവിലേക്കുള്ള ദൂരമെങ്കിലും റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ വച്ചു കൂട്ടുമ്പോള്‍ 75 കിലോ മീറ്ററില്‍ അധികം വരും.
ചാണോക്കുണ്ട് പാലത്തിനു സമീപം സ്ഥാപിച്ച ബോര്‍ഡില്‍ 57 കിലോമീറ്റര്‍ എന്നു വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ ദൂരം 15 കിലോ മീറ്ററില്‍ താഴെ മാത്രമേ വരൂ. മീമ്പറ്റി, കരുവഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതെന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ദൂരം നോക്കുന്നവര്‍ക്ക് അവിശ്വസിക്കേണ്ട കാര്യവുമില്ല. കര്‍ണാടക വനാതിര്‍ത്തിയായ മണക്കടവിനടുത്തെ വായിക്കമ്പയിലേക്കു നിരവധി വിനോദസഞ്ചാരികളാണു ദിവസവും ഇതു വഴി കടന്നു പോകുന്നത്. ദിശാ ബോര്‍ഡ് നോക്കി യാത്ര ചെയ്താല്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ പാടുമെന്ന് യാത്രക്കാര്‍ പറയുന്നു. പൊതുജനങ്ങളെ പെരുവഴിയിലാക്കുന്ന ഇത്തരം ബോര്‍ഡുകള്‍ അടിയന്തിരമായും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."