സമ്പൂര്‍ണ വൈദ്യുതീകരണവുമായി കുന്ദമംഗലം
പന്തീരാങ്കാവ്: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന് മണ്ഡലംതല മോണിറ്ററിങ് യോഗം ചേര്‍ന്നു. ത്രിതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
എ.പി.എല്‍-ബി.പി.എല്‍ ഭേദമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്നതിനും ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് വൈദ്യുതിക്കാലും സര്‍വിസ് കണക്ഷനും സൗജന്യമായും എ.പി.എല്‍ വിഭാഗക്കാര്‍ക്ക് വൈദ്യുതിക്കാല്‍ സൗജന്യമായും നല്‍കുന്നതാണ് പദ്ധതി. സെപ്റ്റംബര്‍ എട്ടിന് മുന്‍പ് മുഴുവന്‍ ഗുണഭോക്താക്കളെയും അതാത് സെക്ഷന്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ മുന്‍കൈയെടുക്കും.
ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അന്‍പതിനായിരം രൂപ വാര്‍ഷിക വരുമാനമുള്ളവരെയും സൗജന്യ പദ്ധതിയില്‍ ഉള്പ്പടുത്തുന്നതിനും അങ്കണവാടികള്‍ വൈദ്യുതീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്മാന്മാനും കെ.എസ്.ഇ.ബി സെക്ഷന്‍ എന്‍ജിനിയര്‍ കണ്‍വീനറുമായി പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റികള്‍ സെപ്റ്റംബര്‍ മുന്നിനകം ഗുണഭോക്താക്കളെ കണ്ടെത്താനും പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും ധാരണയായി. യോഗത്തില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ് ബീന, കെ. അജിത, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. ഉഷ, പി .ഭാനുമതി, ബ്ലോക്ക് പഞ്ചായത്തംഗം രാജീവ് പെരുമണ്പുറസംസാരിച്ചു. കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷിബു അലക്സ് ജോര്‍ജ് സ്വാഗതവും പി.വി മായ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."