തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുത്തനെ ഇടിഞ്ഞു: കേരളത്തില്‍ മാറ്റമില്ല
തിരുവനന്തപുരം: വിളവെടുപ്പായതോടെ തമിഴ്‌നാട്ടില്‍ പച്ചക്കറി വില കുത്തനെ ഇടിഞ്ഞു. ഇടനിലക്കാരുടെ ഇടപെടല്‍ മൂലം കേരളത്തില്‍ പക്ഷേ ,വിലയില്‍ മാറ്റമില്ല.
അതിര്‍ത്തി കടന്നു കേരളത്തിലെത്തുന്ന പച്ചക്കറി മൂന്നിരട്ടി വിലക്കാണ് വിറ്റഴിക്കുന്നത്. തക്കാളിക്ക് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. രണ്ടു മാസം മുമ്പ് കിലോയക്ക് 80 രൂപയിലേറെ ഉണ്ടായിരുന്ന തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞ് മൂന്നു രൂപയിലെത്തി. ജൂണ്‍ ആദ്യ വാരത്തില്‍ കുതിച്ചുയര്‍ന്ന തക്കാളിയുടെ വില ജൂണ്‍ മധ്യത്തോടെ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.
ജൂണ്‍ അവസാനത്തോടെ പെയ്ത മഴ ഉല്‍പാദനം ഇരട്ടിയാക്കി. ഇതോടെ വിലയിടിവും തുടങ്ങി. 15 കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 30 രൂപ മാത്രമാണ് തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ കേരളത്തില്‍ 50 രൂപ ലഭിക്കും.
സംസ്ഥാനത്തിന്റെ അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ തെങ്കാശി, തിരുനെല്‍വേലി, പാവൂര്‍ഛത്രം, ചുരണ്ട, മധുര, രാജപാളയം, പുളിയന്‍കുടി, കമ്പം,തേനി, കോയമ്പത്തൂര്‍ എന്നീ മാര്‍ക്കറ്റുകള്‍ വഴിയാണ് പച്ചക്കറി കേരളത്തിലെത്തുന്നത്. ഇതിനു പുറമേ ഗ്രാമപ്രദേശങ്ങളില്‍ നിന്നും ഇടനിലക്കാര്‍ വഴിയും പച്ചക്കറികള്‍ എത്തുന്നുണ്ട്. തുച്ഛമായ വിലയ്ക്ക് ഇടനിലക്കാരിലൂടെ വ്യാപാരികള്‍ വാങ്ങുന്ന സാധനങ്ങള്‍ മൂന്നിരട്ടി വിലയ്ക്കാണ് കേരളത്തില്‍ വില്‍പന നടത്തുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ ഇടനിലക്കാരും വ്യാപാരികളുമാകട്ടെ കൊള്ളലാഭം കൊയ്യുകയാണ്. ഒരു കിലോയ്ക്ക് 10 മുതല്‍ 50 രൂപ വരെയാണ് ലാഭം.
പച്ചക്കറികള്‍ക്ക് കിലോഗ്രാമിന് തമിഴ്‌നാട്ടിലെ വിലയും ബ്രായ്ക്കറ്റില്‍ കേരളത്തിലെ വിലയും. ചെറിയ ഉള്ളി 8(24),സവാള 7(20),പച്ചമുളക് 18(40),തക്കാളി 3(20),കാരറ്റ്15(50),ബീറ്റ് റൂട്ട്15(15), ബീന്‍സ്15(40), വെണ്ടയ്ക്ക10(30), അമര യ്ക്ക10(25). പ്രധാന മാര്‍ക്കറ്റുകളില്‍ ഇടനിലക്കാരുടെ വന്‍ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ വിലക്കയറ്റം സൃഷ്ടിക്കാനായി വ്യാപാരികള്‍ പൂഴ്ത്തിവയ്പ്പ് നടത്തുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."