കെജ്രിവാളിന് തിരിച്ചടി; നാല് ദിവസം കൂടി ഇഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. നാല് ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി. ഏപ്രില്‍ ഒന്ന് വരെ ഇഡി കസ്റ്റഡിയില്‍ തുടരും. അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരവേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന ഇഡിയുടെ അപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്.
അരവിന്ദ് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയ ഇഡി, കസ്റ്റഡിയിലിരിക്കെ അഞ്ചുദിവസം ഡല്‍ഹി മുഖ്യമന്ത്രിയുടെ മൊഴിയെടുത്തതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്ന നിലപാടല്ല കെജ്രിവാള് സ്വീകരിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ആരോപിച്ചു.
അതേസമയം രാജ്യത്തിന് മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ അഴിമതിക്കാരാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കെജരിവാള്‍ ആരോപിച്ചു. എഎപിയെ തകര്‍ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. കേസില്‍ ഇഡി അന്വേഷണം നേരിടാന്‍ തയ്യാറാണ്. ഇഡിയുടെ റിമാന്‍ഡ് അപേക്ഷയെ എതിര്‍ക്കുന്നില്ല. എത്രനാള്‍ വേണമെങ്കിലും ഇഡിക്ക് തന്നെ കസ്റ്റഡിയില്‍ വെയ്ക്കാം. എന്നാല്‍ ഇതൊരു തട്ടിപ്പാണെന്നും കെജ്രിവാള് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."