ക്ഷേമപെന്‍ഷന്‍ വിതരണത്തിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍
മണ്ണഞ്ചേരി : ക്ഷേമപെന്‍ഷനുകള്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികളുമായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ രംഗത്തെത്തി.
നിലവില്‍ വിതരണത്തിനായി അനുവദിച്ച വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനുകള്‍ സഹകരണബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ബാങ്കുകള്‍ തീരുമാനിക്കുന്ന രീതിയില്‍ അര്‍ഹരുടെ വീടുകളില്‍ പെന്‍ഷന്‍തുക എത്തിക്കണമെന്നാണ് സഹകരണ വകുപ്പ് അധികൃതരുടെ നിര്‍ദേശം. ഗുണഭോക്താവിന്റെ വീടുകളില്‍ എത്തിക്കാതെ സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍വച്ച് പെന്‍ഷന്‍തുക വിതരണം ചെയ്യുന്നതായാണ് ഇവരുടെ പരാതി. വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വളരെ പ്രയാസപ്പെട്ടാണ് പാര്‍ട്ടിക്കാര്‍ തീരുമാനിക്കുന്ന കേന്ദ്രങ്ങളില്‍ വയോധികര്‍ എത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ ദേശസാല്‍കൃതബാങ്കുകള്‍,പോസ്‌റ്റോഫീസ് എന്നിവയിലൂടെയായിരുന്നു പെന്‍ഷന്‍ വിതരണം നടത്തിവന്നത്.ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് ഇപ്പോള്‍ പുതിയരീതി നടപ്പിലാക്കിയത്. ഇതാണ് കൂടുതല്‍ ദുരിതമാക്കിയതെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ അഭിപ്രായപ്പെടുന്നു. വീടുകളില്‍ നേരിട്ട് പെന്‍ഷന്‍തുക എത്തിച്ചുനല്‍കാന്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് നിശ്ചിതതുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മണ്ണഞ്ചേരി പഞ്ചായത്തിലെ 14 -ാം വാര്‍ഡില്‍ പെന്‍ഷന്‍വിതരണത്തിനിടയില്‍ സി.പി.എം നേതൃത്വം നല്‍കുന്ന പാലീയേറ്റീവ് സംഘടനയ്ക്കായി പണപിരിവു നടത്തിയതായി പഞ്ചായത്തംഗം സിനിമോള്‍ സുരേഷ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."