ജോയിന്റ് രജിസ്ട്രാറെ ഉപരോധിച്ചു; നഗരസഭ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും അറസ്റ്റ് ചെയ്തു നീക്കി
ആലപ്പുഴ: സാമൂഹിക സുരക്ഷാ പെന്ഷന് വിതരണം രാഷ്ട്രീയ ആയുധമാക്കിയതിനെതിരേ പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. പെന്ഷന് വിതരണത്തില്‍ സി.പിഎം നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിന് കോ-ഓപറേറ്റീവ് ബാങ്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചു ആലപ്പുഴ കോ- ഓപറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ് സുധാദേവിയെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുളളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ സബ് രജിസ്ട്രാര്‍ പൊലിസിന്റെ സഹായം തേടി. ആലപ്പുഴ നോര്‍ത്ത് പൊലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഇതിനിടെ പൊലിസ് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സമരക്കാര്‍ ബഹളം വച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ചെയര്മാന് തോമസ് ജോസഫ് ഉള്‍പ്പെടെയുള്ളവരെ പൊലിസ് ജീപ്പില്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു. വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെ വനിതാ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു സ്റ്റേഷനിലും സമരക്കാര്‍ പൊലിസിനെതിരേ രംഗത്തുവന്നു. ഇത് ഏറെ നേരം ബഹളത്തിനിടയാക്കി. ചെയര്‍മാനെയും യു.ഡി.എഫ് കൗണ്‍സിലര്‍മാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യു.ഡി.എഫ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. പൊലിസിനെതിരേ സി.ഐയ്ക്ക് പരാതി നല്‍കുമെന്ന് ചെയര്മാന് വ്യക്തമാക്കി.
വൈസ് ചെയര്മാന് ബീന കൊച്ചുബാവ കൗണ്‍സിലര്‍മാരായ എ.എ റസാഖ്, ബി മെഹബൂബ്, മനോജ്കുമാര്‍, സോളി സിദ്ധകുമാര്‍, മോളി ജേക്കബ്, ഇല്ലിയ്ക്കല്‍ കുഞ്ഞുമോന്, ബഷീര്‍ കോയാപറമ്പില്‍ തുടങ്ങി യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."